2026-27 അദ്ധ്യയന വര്‍ഷം മുതല്‍ സിബിഎസ്‌ഇ സ്‌കൂളുകളില്‍ 9, 10 ക്ലാസുകളില്‍ മൂന്ന് ഭാഷകളുടെ പഠനം നിര്‍ബന്ധമാക്കി സിബിഎസ്‌ഇ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.ഭാഷാ പഠനത്തില്‍ വന്‍ പരിഷ്‌കാരങ്ങളുമായി മെയ് 15നാണ് ബോര്‍ഡ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ദേശീയ വിദ്യാഭ്യാസ നയത്തിനും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനുംഅനുസൃതമായാണ് ഈ മാറ്റം. 2026 ജൂലൈ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
പുതിയ പരിഷ്‌കാരം പ്രകാരം വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഭാരത ഭാഷകളായിരിക്കണം. വിദേശ ഭാഷ പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മറ്റ് രണ്ട് ഭാഷകള്‍ ഭാരത ഭാഷകളാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ അത് തെരഞ്ഞെടുക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ വിദേശ ഭാഷ നാലാമതൊരു അധിക ഭാഷയായി പഠിക്കാം.
ഏപ്രില്‍ മാസം തന്നെ ഈ അദ്ധ്യയന വര്‍ഷം ആരംഭിച്ചതിനാല്‍, താത്കാലികമായ ചില ക്രമീകരണങ്ങളോടെയായിരിക്കും പരിഷ്‌കാരം നടപ്പിലാക്കുക. പുതിയ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്നത് വരെ, നിലവിലെ 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മൂന്നാമത്തെ ഭാഷയ്‌ക്കായി ആറാം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കാമെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി. ഇതിന് പുറമെ പ്രാദേശിക സാഹിത്യകൃതികളും കഥകളും കവിതകളും അധികമായി ഉള്‍പ്പെടുത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച വിശദമായ മാര്‍ഗരേഖ ജൂണ്‍ 15നകം പുറത്തിറക്കും.