തമിഴ്‌നാട്ടിലെ മദ്യശാലകള്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാൻഡുകള്‍ എന്നിവയുടെ 500 മീറ്റർ ചുറ്റളവിലുള്ള 717 ടാസ്മാക് മദ്യവില്പനശാലകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാനാണ് നിർദ്ദേശം.
സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച്, തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന് (ടാസ്മാക്) കീഴില്‍ തമിഴ്‌നാട്ടിലുടനീളം 4765 ചില്ലറ മദ്യവില്പനശാലകളാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ബസ് ടെർമിനലുകള്‍ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റുകള്‍ കണ്ടെത്താനായി ഉദ്യോഗസ്ഥർ സംസ്ഥാനവ്യാപകമായി പരിശോധന നടത്തുകയാണ്.
ആരാധനാലയങ്ങള്‍ക്ക് സമീപം 276 മദ്യശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം 186 എണ്ണവും, ബസ് സ്റ്റാൻഡുകള്‍ക്ക് സമീപം 255 എണ്ണവും ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് അടച്ചുപൂട്ടേണ്ട ആകെ മദ്യശാലകളുടെ എണ്ണം 717 ആയത്. മദ്യവില്പനശാലകള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ടാസ്മാക് ഔട്ട്‌ലെറ്റുകള്‍ പൊതു ഇടങ്ങള്‍ക്ക് സമീപമാണെന്നത് സംബന്ധിച്ച പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുമാണ് നീക്കമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.