യൂണിയൻ ഷെഡില്‍ കയറി പരസ്യ മദ്യപാനം, തടഞ്ഞ ചുമട്ടുതൊഴിലാളിക്ക് മര്‍ദ്ദനം, 4 പേര്‍ അറസ്റ്റില്‍

ചുമട്ടുതൊഴിലാളിയെ ട്രേഡ് യൂണിയൻ ഷെഡില്‍ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസില്‍ നാല് പേരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.

മാനവനഗർ സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ രാധാകൃഷ്ണൻ (56) ആണ് ആക്രമണത്തിന് ഇരയായത്. വള്ളക്കടവ് സ്വദേശി സൂരജ്, പേട്ട സ്വദേശി സതീഷ്, വള്ളക്കടവ് സ്വദേശി ലിജിത്, ചാക്ക സ്വദേശി സുജു എന്നിവരാണ് പൊലീസ് പിടിയിലായത്. വഞ്ചിയൂർ മാനവനഗറിലുള്ള ചുമട്ടുതൊഴിലാളി യൂണിയൻ ഷെഡില്‍ പ്രതികള്‍ സ്ഥിരമായി കയറി മദ്യപിക്കാറുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വെയ്റ്റിങ് ഷെഡ് പൂട്ടിയിട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നത്.

ഷെഡില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ രാധാകൃഷ്ണനെ അസഭ്യം പറയുകയും ഇരുമ്പ് കസേര ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച്‌ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പിടിയിലായവരില്‍ സ്ഥിരം കുറ്റവാളികളുമുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ വഞ്ചിയൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post