രാജ്യത്ത് പാല്‍ വിലയും മുകളിലേക്ക്; ലിറ്ററിന് കൂട്ടിയത് 2 രൂപ; വില വര്‍ധിപ്പിച്ചത് അമുല്‍.

രാജ്യത്ത് പാല്‍ വില വർധിപ്പിച്ച്‌ അമുല്‍. ലിറ്ററിന് 2 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പ്രവർത്തനച്ചെലവ് ഉയരുന്ന സാഹചര്യത്തിലാണ് വില വർധന അനിവാര്യമായതെന്ന് അമുലിൻ്റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു.രാജ്യവ്യാപകമായി മെയ് 14 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വർഷം മെയ് മാസത്തിലും അമുല്‍ പാല്‍ വില വർധിപ്പിച്ചിരുന്നു.

അമുലിൻ്റെ അമുല്‍ ടാസ, അമുല്‍ ഗോള്‍ഡ്, അമുല്‍ ശക്തി, അമുല്‍ ടീ സ്പെഷ്യല്‍ തുടങ്ങിയ പാല്‍ വേരിയന്റുകളുടെ വിലയില്‍ മാറ്റം വരും. അമുല്‍ ടാസയുടെ അര ലിറ്ററിന് 29 രൂപയായും ഒരു ലിറ്ററിന് 57 രൂപയായും വില ഉയരും. അമുല്‍ ഗോള്‍ഡ് അര ലിറ്ററിന് 35 രൂപയാകും. അമുല്‍ ശക്തി അര ലിറ്ററിന് 32 രൂപയുമാകും. അമുല്‍ ടീ സ്പെഷ്യലിൻ്റെ ഒരു ലിറ്റർ കവറിന് 66 രൂപയാകും. എരുമ പാല്‍ അര ലിറ്ററിന് 38 രൂപയാകും പുതിയ നിരക്ക്.

പാല്‍ ലിറ്ററിന് 2.5 മുതല്‍ 3.5 ശതമാനം വരെയാണ് അമുല്‍ വില വർധിപ്പിച്ചത്. ഇത് ശരാശരി ഭക്ഷ്യ വിലക്കയറ്റത്തേക്കാള്‍ കുറവാണെന്നാണ് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ്റെ ഭാഷ്യം. പാലിന്റെ പ്രവർത്തനച്ചെലവും ഉല്‍പാദനച്ചെലവും വർധിച്ചതിനാലാണ് വില വർധിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. കന്നുകാലി തീറ്റ, പാല്‍ പാക്കേജിങ് ഫിലിം, ഇന്ധനം എന്നിവയുടെ വിലയില്‍ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു.

അമുലിന് സമാനമായി പാല്‍ വിതരണക്കാരായ മദർ ഡയറിയും വില വർധന വരുത്തിയിട്ടുണ്ട്. മെയ് 14 മുതല്‍ മതർ ഡയറിയുടെ പാലിന് ലിറ്ററിന് രണ്ടുരൂപ വർധിക്കും.
Previous Post Next Post