മുഖ്യമന്ത്രിപ്പോരില്‍ വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തും.മാത്യു കുഴല്‍നാടന്‍റെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധമാണ് ലീഗില്‍ ഉയരുന്നത്. ലീഗ് നേതാക്കള്‍ പരസ്യമായി ഒരു കാര്യവും പറഞ്ഞില്ല എന്നിരിക്കെ മാത്യുവിന്‍റേത് അനവസരത്തിലുള്ള വിമർശനമെന്നാണ് ലീഗ് വ്യക്തമാക്കുന്നത്. അതേസമയം, നാലു മന്ത്രിമാരെ കുറിച്ച് ലീഗില്‍ ഏകദേശ ധാരണയായിട്ടുണ്ട്.
പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെഎം ഷാജി, എൻ ഷംസുദ്ദീൻ എന്നിവര്‍ മന്ത്രിമാരാകും. അഞ്ചാം മന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷമാകും. വിദ്യാഭ്യാസ വകുപ്പിലെങ്കില്‍ ആരോഗ്യം അല്ലെങ്കില്‍ റവന്യു വകുപ്പ് വേണമെന്ന ആവശ്യമുയർത്താനാണ് ലീഗ് നീക്കം. അഞ്ചാം മന്ത്രിയില്‍ തർക്കവും തുടങ്ങിയിട്ടുണ്ട്. സ്റ്റാഫ്, ബോർഡ് കോർപറേഷൻ നിയമനങ്ങള്‍ നിയന്ത്രിക്കാൻ പിഎംഎ സലാമിന്‍റെ നേതൃത്വത്തില്‍ സമിതിയുണ്ടാകും. പാർട്ടി അറിയാതെ നിയമനങ്ങള്‍ പാടില്ലെന്നാണ് നിബന്ധന.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ജനവികാരം വി ഡി സതീശന് അനൂകൂലമാണെന്ന അഭിപ്രായം എഐസിസി നിരീക്ഷകരെ മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ലീഗ് ഇടപെടരുതെന്ന നിലപാടുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. പിന്നാലെ മാത്യുവിനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു.