കൊല്ലം :അഞ്ചലില്‍ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസില്‍ രണ്ട് യുവതികള്‍ പിടിയില്‍.ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. അഞ്ചല്‍ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ ആർച്ചല്‍ പാലവിള വീട്ടില്‍ വിവേകിന്റെ ബൈക്ക് ആണ് പ്രതികള്‍ കത്തിച്ചത്. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബൈക്ക് കത്തിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും ചിത്രങ്ങള്‍ക്ക് വ്യക്തത കിട്ടാത്തതിനാല്‍ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.
യുവതി ഗൂഗിള്‍ പേ വഴി ഓട്ടോഡ്രൈവർക്ക് പണം നല്‍കിയിരുന്നു. ഇതാണ് പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചത്. അതേസമയം, പോലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.