ദില്ലി :ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം. 26 നിരപരാധികളുടെ ജീവൻ നഷ്ടമായി.
വിനോദ സഞ്ചാരികള്‍ മെല്ലെ ഇവിടേക്ക് മടങ്ങിയെത്തുകയാണ്. കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ആക്രമണം നടന്ന ബൈസരണ്‍വാലിയില്‍ ഒരുക്കിയിരിക്കുന്നത്. പഹല്‍ഗാമിനൊപ്പം കശ്മീരില്‍ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന മേഖലകളെല്ലാം ഇന്ന് സുരക്ഷ സേനകളുടെ നിരീക്ഷണത്തിലാണ്.
2025 ഏപ്രില്‍ 22 നായിരുന്നു രാജ്യം നടുങ്ങിയ ഭീകരാക്രമണം. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും അവധി ആഘോഷിക്കാനെത്തിയവർ, അവർക്കിടയില്‍ ഉപജീവനം കണ്ടത്താൻ ശ്രമിക്കുന്ന പ്രദേശവാസികള്‍. ഇവർക്കു നേരെയാണ് തോക്കുധാരികളായ ലഷ്‌കറെ തൊയ്ബ ഭീകരർ പാഞ്ഞടുത്തത്. ബൈസരണ്‍വാലി പുല്‍മേടുകളില്‍ അന്ന് പൊലിഞ്ഞത് 26 നിരപരാധികളുടെ ജീവനായിരുന്നു. ആ രക്തത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നല്‍കിയെങ്കിലും താഴ്വരയെ വിട്ട് ആ നടുക്കുന്ന ഓർമ്മ മാഞ്ഞിട്ടില്ല.
ആക്രമണത്തെത്തുടർന്ന് പഹല്‍ഗാം പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. ശക്തമായ സുരക്ഷാ വിലയിരുത്തലുകള്‍ക്ക് ശേഷം മാസങ്ങള്‍ക്കിപ്പുറമാണ് ഇവ വീണ്ടും തുറന്നത്. കർശന സുരക്ഷയിലാണ് പഹല്‍ഗാമിപ്പോഴും. പഴയ നിലയിലേക്ക് മടങ്ങിയിട്ടില്ലെങ്കിലും ആക്രമണമുണ്ടായ ബൈസരണ്‍വാലി പുല്‍മേടുകളില്‍ ഉള്‍പ്പെടെ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. മേഖലയിലെ ഓരോ പോയിൻ്റുകളിലും സൈനിക ചെക് പോസ്റ്റുകളും വിശദമായ പരിശോധനയുമുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്യുആർ കോഡ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്തെ കച്ചവടക്കാർ, സ്ഥാപനങ്ങള്‍, കുതിരസവാരി നടത്തിപ്പുകാർ, ടാക്സി ഡ്രൈവർമാർ തുടങ്ങി വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നവർക്കാണ് ക്യുആർ കോഡ് അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ വിനോദ സഞ്ചാരികള്‍ക്ക് ബന്ധപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള പൂർണവിവരങ്ങള്‍ ലഭ്യമാകും. തട്ടിപ്പ് തടയുന്നതിനും മേഖലയിലേക്കുള്ള നുഴഞ്ഞ് കയറ്റം തടയുന്നതിനുമാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കത്ര-ശ്രീനഗർ വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങിയതും അമർനാഥിലേക്ക് പുതിയ യാത്രാമാർഗം തുറന്നതുമെല്ലാം പ്രദേശത്തെ ടൂറിസത്തിന് വീണ്ടും ഉണർവ്വേകിയിട്ടുണ്ട്.