IPL 2026: വാംഖഡെയില്‍ 'ചേട്ടന്‍ ഷോ'!! മുംബൈ മുങ്ങി, ഇത് സൂപ്പര്‍ ചെന്നൈ!

മിന്നും സെഞ്ച്വറിയുമായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അഴിഞ്ഞാടിയപ്പോള്‍ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ മുക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.തീര്‍ത്തും ഏകപക്ഷീയമായ പോരാട്ടത്തില്‍ മുംബൈക്കെതിരേ 103 റണ്‍സിന്റെ വമ്ബന്‍ ജയമാണ് സിഎസ്‌കെ ആഘോഷിച്ചത്. റണ്ണൊഴുകാറുള്ള വാംഖഡെയിലെ പിച്ചില്‍ അവിശ്വസനീയ ബൗളിങായിരുന്നു സിഎസ്‌കെ പുറത്തെടുത്തത്.

208 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്കു മുന്നില്‍ സിഎസ്‌കെ വച്ചത്. ഈ ഗ്രൗണ്ടില്‍ ഇതു അത്ര വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ ആയിരുന്നില്ല. പക്ഷെ തുടക്കം മുതല്‍ മുംബൈയെ വരിഞ്ഞു കെട്ടിയ സിഎസ്‌കെ അവരെ ഒരിക്കലും കയറൂരി വിട്ടില്ല. 19 ഓവറില്‍ വെറും 104 റണ്‍സില്‍ മുംബൈ തകര്‍ന്നടിയുകയായിരുന്നു. ഈ ജയത്തോടെ എട്ടാംസ്ഥാനത്തു നിന്നും സിഎസ്‌കെ ഒറ്റയടിക്ക് അഞ്ചിലേക്കും ഉയര്‍ന്നു.
തിലക് വര്‍മ (37), സൂര്യകുമാര്‍ യാദവ് (36) എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ മറ്റാരെയും രണ്ടക്കം തികയ്ക്കാന്‍ പോലും സിഎസ്‌കെ അനുവദിച്ചില്ല. ക്വിന്റണ്‍ ഡികോക്ക് (7), ഡാനിഷ് മലേവര്‍ (0), നമന്‍ ധിര്‍ (0), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (1), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് (0), ശര്‍ദ്ദുല്‍ ടാക്കൂര്‍ (6) തുടങ്ങി ആരെയും സിഎസ്‌കെ നിലം തൊടീച്ചില്ല.

മൂന്നാം ഓവറില്‍ 11 റണ്‍സിനു മൂന്നു വിക്കറ്റിലേക്കു വീണ മുംബൈയ്ക്കു അവിടെ നിന്നൊരു തിരിച്ചുവരവ് ദുഷ്‌കരമായിരുന്നു. നാലാം വിക്കറ്റില്‍ സൂര്യ-തിലക് ജോടി 56 ബോളില്‍ 73 റണ്‍സുമായി മുംബൈയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 84ല്‍ നില്‍ക്കെ തിലക് ഔട്ടായതോടെ വീണ്ടും മുംബൈ കൂട്ടത്തകര്‍ച്ചയിലേക്കു വീണു.

നാലോവറില്‍ ഒരു മെയ്ഡനടക്കം 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ പിഴുത വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ അക്കീല്‍ ഹൊസെയ്‌നാണ് മുംബൈയുടെ കഥ കഴിച്ചത്. നൂര്‍ അഹമ്മദ് രണ്ടു വിക്കറ്റുകളും നേടി.
സഞ്ജു സാംസണിന്റെ (101*) വണ്‍മാന്‍ ഷോയാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനു 207 റണ്‍സെന്ന മികച്ച ടോട്ടലില്‍ എത്തിച്ചത്. 54 ബോളില്‍ 10 ഫോറുകളും ആറു കൂറ്റന്‍ സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഇന്നിങ്‌സിലെ ആദ്യ ബോള്‍ മുതല്‍ അവസാന ബോള്‍ വരെ ക്രീസില്‍ നങ്കൂരമിട്ട് കളിച്ചാണ് സിഎസ്‌കെയെ സഞ്ജു 200 കടത്തിയത്. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും അദ്ദേഹം ടീമിനെ താങ്ങി നിര്‍ത്തി. സഞ്ജുവിനെ മാറ്റി നിര്‍ത്തിയാല്‍ സിഎസ്‌കെയില്‍ വേറെയാരും 25 തികച്ചില്ല.
Previous Post Next Post