മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം വീതം നല്‍കും;ധനസഹായം പ്രഖ്യാപിച്ച്‌ സുരേഷ്‌ഗോപി

തൃശൂർ :മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷംരൂപ വീതം ധനസഹായം പ്രഖ്യാപിച്ച്‌ സുരേഷ് ഗോപി എം.പി.
മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് മുഖേനയാണ് ധനസഹായം നല്‍കുകയെന്നും സുരേഷ്‌ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

'നഷ്ടപ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകര്‍ന്നുപോയ ആ ജീവിതങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമേകാന്‍ ആ കുടുംബങ്ങള്‍ക്കായുള്ള ഈ എളിയ കരുതല്‍ ഉപകരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്ന് സുരേഷ് ഗോപി കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏല്‍പ്പിച്ച ആഘാതം വാക്കുകള്‍ക്ക് അപ്പുറമാണ്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന തൃശൂരിന്റെ മണ്ണില്‍, ആ കലയ്ക്കായി ജീവിതം സമർപ്പിച്ചവർക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു. കേവലം ഒരു ആഘോഷം എന്നതിലുപരി, നമ്മുടെ സാംസ്കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത് ഈ സമയത്ത് അനിവാര്യമാണ്.

തൃശൂരിനെ സ്നേഹിക്കുന്ന സുമനസ്സുകളുടെ സംരക്ഷണവും സഹായഹസ്തവും എന്നും ഇത്തരം പ്രതിസന്ധികളില്‍ ആ കുടുംബങ്ങള്‍ക്ക് കൂട്ടുണ്ടാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ആ വലിയ കരുതലിനൊപ്പം ചേർന്നുകൊണ്ട്, വിധി തട്ടിയെടുത്ത ആ പ്രിയപ്പെട്ടവരുടെ കുടുംബങ്ങളെ താങ്ങാവാൻ ഞങ്ങളുടെ മകള്‍ ലക്ഷ്മി സുരേഷ് ഗോപിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് ഈ അപകടത്തില്‍ മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് 1 ലക്ഷം രൂപ വീതം ഒരു കൈത്താങ്ങായി കൈമാറുന്നതാണ്.

നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങള്‍ക്കായുള്ള ഈ എളിയ കരുതല്‍ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Previous Post Next Post