പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ അറസ്റ്റില്‍. ബീഹാറിലാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേർ പിടിയിലായത്.
ഇവരുടെ നേതാവായ അമൻ തിവാരി മോദിയെ വധിക്കാമെന്നും ഇതിന് വലിയൊരു തുക പ്രതിഫലമായി നല്‍കണമെന്നും ആവശ്യപ്പെട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയ്ക്ക് ഒരു ഇമെയില്‍ അയച്ചതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്.
ബീഹാറിലെ ബക്‌സർ ജില്ലയില്‍ നിന്നാണ് അമൻ പിടിയിലായത്. പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. അമന്റെ ഇമെയിലിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയതായി ബക്‌സർ എസ്‌പി ശുഭം ആര്യ പറഞ്ഞു. മോദിയെ വധിക്കാൻ 22 ദിവസത്തെ സമയപരിധിയാണ് അമൻ സിഐഎയോട് ആവശ്യപ്പെട്ടത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് രണ്ടുപേർ കൂടി പിടിയിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. നേരത്തെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയതിന് അമൻ അറസ്റ്റിലായിട്ടുണ്ട്. അന്ന് അമൻ പ്രായപൂർത്തിയായിരുന്നില്ല.