പള്ളുരുത്തി: നിയമസഭ തെരഞ്ഞെടുപ്പ് മറയാക്കി ഇടക്കൊച്ചി വില്ലേജ് ഓഫിസിനു ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള തണ്ണീർത്തടം ഭൂമാഫിയകൾ നികത്തിയതായി പരാതി. നേരത്തെ സബ് കലക്ടർ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നൽകിയ തണ്ണീർത്തടമാണ് നികത്തിയത്. വിവരം വീഡിയോ സഹിതം അറിയിച്ചിട്ടും തടയാൻ പൊലീസും റവന്യൂ അധികൃതരും തയാറായില്ലെന്ന് കാണിച്ച് മുൻ കൗൺസിലർ അഭിലാഷ് തോപ്പിൽ കളക്ടർക്കും പോലീസ് മേധാവിക്കും പരാതി നൽകി.
ഒരു മാസമായി നിരന്തരമായി ഇടക്കൊച്ചി പാലമുറ്റം റോഡിൽ സബർമതി ജങ്ഷന് സമീപമാണ് രണ്ടരയേക്കർ വരുന്ന തണ്ണീർത്തടം നികത്തി വരുന്നത്.പകുതിയേലേറെ നിലവിൽ നികത്തി.അമ്പത് സെന്റോളം സ്ഥലം പുരയിടമായാണ് റവന്യു രേഖകളിലുള്ളതെങ്കിലും പൂർണമആയും വെള്ളക്കെട്ട് നിറഞ്ഞ പ്രേദേശമാണ്.രേഖകളിൽ പുരയിടമാണെന്ന മറവിലാണ് തണ്ണീർത്തടം നികത്തുന്നത്.ഇതിൽ ഉണ്ടായിരുന്ന 18 സെന്റോളം പുറമ്പോക്ക് തോടും നികത്തിയിട്ടുണ്ടെന്നാണ് പരാതി.