ഓണ്‍ലൈൻ ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്ന് കോഴിക്കോട് നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി.


ഓണ്‍ലൈൻ ലോണ്‍ ആപ്പ് ഭീഷണിയെത്തുടർന്ന് വടകരയില്‍നിന്ന് കാണാതായ യുവാവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി.

വടകര സ്വദേശി വിഷ്ണുവിനെയാണ് ഏപ്രില്‍ 13-ന് വീട്ടില്‍നിന്ന് കാണാതായത്. ഒരാഴ്ചയായി തുടരുന്ന തിരച്ചിലിനൊടുവിലാണ് യുവാവിനെ കണ്ടെത്താനായത്.

ഓണ്‍ലൈൻ ലോണ്‍ ആപ്പുകളില്‍നിന്ന് വിഷ്ണു പണം കടമെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാൻ ബ്ലേഡ് പലിശക്കാരില്‍നിന്ന് കൂടുതല്‍ തുക കടം വാങ്ങേണ്ടി വന്നതോടെ വിഷ്ണു വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. കടം നല്‍കിയവരില്‍നിന്നുള്ള ഭീഷണിയും സമ്മർദ്ദവുമാണ് വിഷ്ണുവിനെ വീടുവിടാൻ പ്രേരിപ്പിച്ചത്.

നേത്രാവതി എക്സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വിഷ്ണു, സഹയാത്രികന്റെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ച്‌ അമ്മയോടും അനിയനോടും സംസാരിച്ചിരുന്നു. താൻ ഇപ്പോള്‍ തിരിച്ചുവരുന്നില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും കുടുംബാംഗങ്ങള്‍ നിർബന്ധിച്ചതോടെ റെയില്‍വേ സംരക്ഷണ സേനയില്‍ (RPF) ഉദ്യോഗസ്ഥനായ തന്റെ അമ്മാവന്റെ അടുത്തേക്ക് പോകാമെന്ന് വിഷ്ണു സമ്മതിച്ചു.

കാസർകോട് മേഖല കേന്ദ്രീകരിച്ച്‌ പോലീസും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെ വിഷ്ണു പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. അവിടെ കാത്തുനിന്ന അമ്മാവൻ വിഷ്ണുവിനെ നേരില്‍ കണ്ടു. പയ്യന്നൂരില്‍നിന്ന് വടകര പോലീസിന്റെ സഹായത്തോടെ യുവാവിനെ ഉടൻ തന്നെ നാട്ടിലെത്തിക്കും. കുടുംബം പരാതി നല്‍കിയതിനെത്തുടർന്ന് വടകര പോലീസ് നേരത്തെ കേസെടുത്തിരുന്നു.

Previous Post Next Post