വാടകവീടിന്റെ പറമ്പില്‍ ഒരു ചെടി നട്ടു; നനച്ചുകൊണ്ടിരിക്കുന്നതിനിടെ പൊലീസ് നേരിട്ടെത്തി പൊക്കി; കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍.


വാടകവീടിന്റെ പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുപിടിപ്പിച്ചു വളര്‍ത്തിയ യുവാവിനെ വെണ്മണി പോലീസ് അറസ്റ്റ് ചെയ്തു.

ചെറിയനാട് ചെറുവല്ലൂര്‍ കാവിന്റെ വടക്കേതില്‍ നന്തു എസ്. കുമാര്‍ (26) ആണ് പിടിയിലായത്. ചെറിയനാട് ചെറുവല്ലൂര്‍ ഭാഗത്തുള്ള 'ശ്രീ സദനം' എന്ന വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാള്‍.

നന്തു സ്വന്തം ആവശ്യത്തിനും വില്‍പ്പനയ്ക്കുമായി വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി വെണ്മണി സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ബാബുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. പോലീസ് സംഘം എത്തുമ്പോള്‍ പറമ്പില്‍ നട്ടുപിടിപ്പിച്ചിരുന്ന രണ്ട് കഞ്ചാവ് ചെടികള്‍ക്ക് വെള്ളമൊഴിച്ച്‌ പരിപാലിക്കുകയായിരുന്നു നന്തു. ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ബാബു, സബ് ഇന്‍സ്‌പെക്ടര്‍ പുഷ്പശോഭനന്‍ എന്നിവരുടെ നേതൃത്വത്തില്‍ എഎസ്‌ഐ സതീഷ് കുമാര്‍, സിപിഒമാരായ ഷിഹാബ് സലാം, സനല്‍ കുമാര്‍, വിജേഷ് വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ചെങ്ങന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Previous Post Next Post