തൃശൂർ :വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി.തൃശൂര്‍ കളക്ടറേറ്റില്‍ മന്ത്രിമാരായ വി,എന്‍ വാസവന്‍, ആര്‍ ബിന്ദു, കെ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് സംഭവം.
പി.ആര്‍ ചേമ്പറില്‍ വാര്‍ത്താസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് യുവതി മന്ത്രിമാര്‍ക്ക് മുന്നിലായി നിലയുറപ്പിക്കുകയായിരുന്നു. ഏറെ നേരം മാധ്യമങ്ങളെ അഭിമുഖീകരിച്ച് യുവതി നില്‍പ്പ് തുടര്‍ന്നു. കള്ക്ടറേറ്റില്‍ സ്വകാര്യ ആവശ്യത്തിനായാണ് യുവതി എത്തിയത്. വീട്ടിലേക്ക് ചക്ക വീഴുന്നതുമായി ബന്ധപ്പെട്ട പരാതിയുമായാണ് യുവതി കളക്ടറേറ്റിലെത്തിയതെന്നാണ് വിവരം.
ഇതുമായി ബന്ധപ്പെട്ട് ഇവര്‍ നേരത്തെ പലവട്ടം കളക്ടറേറ്റില്‍ പരാതികള്‍ നല്‍കിയിരുന്നെങ്കിലും അതില്‍ പരിഹാരമുണ്ടായില്ലെന്നും പൊലിസ് കൃത്യമായി ഇടപെടുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
വാര്‍ത്താസമ്മേളനത്തിന് ശേഷം പരാതി പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും യുവതി പിന്‍മാറാന്‍ തയ്യാറായില്ല. മന്ത്രിമാര്‍ നേരിട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാത്തതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വനിതാ പൊലിസ് എത്തുകയും പ്രതിഷേധക്കാരിയെ അവിടെനിന്നും നീക്കംചെയ്യുകയും ചെയ്തു.