'വിദേശ ഫണ്ടുകള്‍ ജനക്ഷേമത്തിനായി ഉപയോഗിക്കണം, രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ തടയും'; എഫ്‌സിആര്‍എയില്‍ ആശങ്കവേണ്ടെന്ന് കിരണ്‍ റിജിജു



തിരുവനന്തപുരം: എഫ്‌സിആർഎ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു. ഇത് സംബന്ധിച്ച് ക്രൈസ്തവ സഭകളുടെ ആശങ്കകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായ വിദേശ ഫണ്ടിങ് തടയാനും നിയമത്തിലെ പിഴവുകൾ പരിഹരിക്കാനും വേണ്ടിയാണ് പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഇത് ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ സമുദായത്തെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നും മറിച്ച് എല്ലാവർക്കും ഒരുപോലെ ബാധകമായ പൊതുവായ നിയമമാണിതെന്നും അദ്ദേഹം പറഞ്ഞു.


മോദി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യൻ മിഷണറിമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും അതിനാവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിൽ നിന്നും പുരോഹിതന്മാരിൽ നിന്നും എഫ്സിആർഎ ഭേദഗതിക്കെതിരെ എതിർപ്പുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.



നിയമവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കായി ഫണ്ട് വരുന്നത് തടയാൻ വേണ്ടി മാത്രമാണ് നിയമ ഭേദഗതി വരുത്തുന്നതെന്ന റിജിജു പറഞ്ഞു. 'കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും ചേർന്ന് കേരളത്തിൽ നുണ പ്രചരിപ്പിക്കുകയും പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ വലിയ വിഷമമുണ്ട്. നിരപരാധികളായ വ്യക്തികളെയോ നിയമപരമായ സംഘടനകളെയോ തെറ്റായ രീതിയിൽ ലക്ഷ്യം വെക്കില്ലെന്ന് താൻ ഉറപ്പുനൽകുന്നതായും റിജിജു പറഞ്ഞു.


ഇന്ത്യയിലേക്ക് എത്തുന്ന വിദേശ ഫണ്ടുകൾ ജനക്ഷേമത്തിനായി ഉപയോഗിക്കണം. എന്നാൽ ആ ഫണ്ടുകൾ തീവ്രവാദ പ്രവർത്തനങ്ങൾക്കും യുവാക്കളെ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി വഴിതിരിച്ചുവിടാനും ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഫ്സിആർഎ ബില്ല് കേരളത്തിലെ തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും ക്രൈസ്തവ സഹോദരങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് കേൾക്കാൻ സർക്കാർ തയ്യാറാണ് തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കും രാജ്യ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കും മാത്രമേ ഈ നിയമത്തെ ഭയപ്പെടേണ്ടതുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.


കേരളത്തിലുടനീളം എൻഡിഎക്ക് ലഭിക്കുന്ന ജനപിന്തുണയിൽ പരിഭ്രാന്തരായിരിക്കുകയാണ് കോൺഗ്രസും സിപിഎമ്മും. ഇതിന് തടയിടാൻ ജനങ്ങളിൽ ഭീതി നിറച്ചും നുണകൾ പ്രചരിപ്പിച്ചും പഴയ രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റുകയാണ് ഇരു പാർട്ടികളും. ഈ കപടരാഷ്ട്രീയത്തെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളയുമെന്നും റിജിജു പറഞ്ഞു.

Previous Post Next Post