കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവേകൾ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുറത്തുവരുന്ന സർവേകൾ എല്ലാം തട്ടിക്കൂട്ടിയ സർവേകളാണ്. ജനവികാരം പ്രതിഫലിക്കുന്ന സർവേകളല്ല. ഒപ്പത്തിനൊപ്പം എന്നുവരുത്തിത്തീർക്കാനാണ് സർവേകൾ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 125 മണ്ഡലങ്ങളിലും പോയ ആളാണ് താൻ. ജനവികാരം യുഡിഎഫിനൊപ്പമാണ്. എൽഡിഎഫും യുഡിഎഫും തമ്മിൽ വലിയ മാർജിന്റെ വ്യത്യാസമുണ്ടെന്നും സതീശൻ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ ഒരു തെരഞ്ഞെടുപ്പിലും യുഡിഎഫ് പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി ഒരു മാറ്റമുണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് വിജയിക്കും. അത്രയേറെ ശക്തമാണ് സർക്കാരിനെതിരായ ജനവികാരം. കഴിഞ്ഞ ആറ് മാസത്തിനകം അഞ്ച് തവണ എല്ലാ ജില്ലകളിലും സഞ്ചരിച്ച ആളാണ് താൻ. ഇന്ത്യാ ചരിത്രത്തിലാദ്യമായി യുഡിഎഫ് ഒരു സർക്കാർ അധികാരത്തിൽ വന്നാൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ഗവേഷണ തുല്യമായ പ്രവർത്തനങ്ങൾ നടത്തി കേരളത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുമായാണ് വരുന്നതെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് കണ്ടപ്പോൾ സിപിഎം വ്യാപകമായ അക്രമങ്ങൾ അഴിച്ചു വിടുകയാണ് ചെയ്യുന്നത്. അതിലൊന്നും യുഡിഫിനെ തോല്പിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി.
വെൽഫയർ പാർട്ടി യുഡിഫിനെ പിന്തുണച്ചപ്പോൾ ബഹളം ഉണ്ടാക്കിയ മുഖ്യമന്ത്രി ഇപ്പോൾ എസ്ഡിപിഐ, പിഡിപി പിന്തുണ ആഗ്രഹിക്കുന്നു. എസ്ഡിപിഐ തീവ്രവാദ സംഘടനായാണെന്നാണ് സിപിഎം പാർട്ടി കോൺഗ്രസ് രേഖകളിൽ പറയുന്നത്. മുഖ്യമന്ത്രി അത് വായിച്ചിട്ടില്ലെങ്കിൽ താൻ അയച്ചുതരാം. അവരുമായിട്ടാണ് ഇപ്പോൾ സിപിഎം തെരഞ്ഞെടുപ്പിൽ ഒന്നിച്ച് പ്രവർത്തിക്കുന്നത്. കാപട്യമേ നിന്റെ പേരോ പിണറായി വിജയൻ എന്ന് ചോദിക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങൾ. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പോലെയാണ് ബിജെപിയെന്നും ഇവരുടെയൊക്കെ യഥാർഥ മുഖം മൂടി അഴിഞ്ഞു വീഴുന്ന തെരഞ്ഞെടുപ്പ് ആണ് വരാൻ പോകുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
