ഇന്നു നടക്കുന്ന രാജ്യസഭ ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. പ്രതിപക്ഷവുമായി യാതൊരു ചർച്ചയും നടത്താതെ സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയാണ് തീരുമാനം.പ്രതിപക്ഷവുമായി കൂടിയാലോചനകള്‍ നടത്താതെ ബിജെപി ഏകപക്ഷീയമായാണു നീങ്ങുന്നതെന്ന് രാജ്യസഭ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജയ്റാം രമേശ് പറഞ്ഞു. രാഷ്ട്രപതി നാമനിർദേശം ചെയ്തു രാജ്യസഭയിലെത്തിയ ഹരിവംശ് നാരായണ് സിംഗ് എൻഡിഎ സ്ഥാനാർഥിയായി രാജ്യസഭാ സെക്രട്ടേറിയറ്റില്‍ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ രാജ്യസഭ ഉപാധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കും.
കഴിഞ്ഞ ഒന്പതിന് ഹരിവംശ് നാരായണ് സിംഗിന്റെ കാലാവധി അവസാനിച്ചതോടെയാണ് രാഷ്ട്രപതി നാമനിർദേശം ചെയ്തു വീണ്ടും രാജ്യസഭയിലെത്തിയത്. എന്നാല്‍ രാഷ്ട്രപതി നാമനിർദേശം ചെയ്ത വ്യക്തിയെ രാജ്യസഭ ഉപാധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. മൂന്നാം തവണയാണു ഹരിവംശ് ഉപാധ്യക്ഷ പദവിയിലേക്ക് എത്തുന്നത്.