40 ഡിഗ്രി പകല്ചൂടില് തിളയ്ക്കുന്ന തമിഴ്നാട്ടില് അതിലും ഉച്ചസ്ഥായിയിലാണ് തെരഞ്ഞെടുപ്പു പ്രചാരണച്ചൂട്. ഇന്നേക്ക് ആറാം പകല് തമിഴകത്തെ 234 നിയമസഭാ മണ്ഡലങ്ങളില് 5.67 കോടി വോട്ടര്മാര് വിധിയെഴുതും.ഡിഎംകെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, എഐഎഡിഎംകെ ജനറല് സെക്രട്ടറി എടപ്പാടി പളനിസാമി, ടിവികെയുടെ വിജയ്, നാം തമിഴര് കക്ഷിയുടെ സീമാന്, വിസികെയുടെ തോല് തിരുമാളവന് തുടങ്ങിയ മുന്നിര നേതാക്കളെല്ലാം ആവേശ പ്രചാരണത്തിലാണ്. നേതാക്കളെ വലയം ചെയ്ത് കടലിരമ്പല്പോലെ ആണ് പെണ് പ്രായ ഭേദമന്യേ അണികളുടെ ആരവമുയരുമ്പോള് വിജയക്കൊടി ആരു പാറിക്കുമെന്ന് പലയിടങ്ങളിലും പ്രവചനാതീതമാണ്.
ഡിഎംകെ, ഐഐഎഡിഎംകെ വൈരികള് തമ്മിലാണ് മുഖ്യപോരാട്ടമെങ്കിലും സൂപ്പര് സ്റ്റാര് ജോസഫ് വിജയ് ചന്ദ്രശേഖര് നയിക്കുന്ന തമിഴക വെട്രി കഴക (ടിവികെ)ത്തിന്റെ കന്നിയങ്കത്തിലാണ് ദേശീയ ശ്രദ്ധ. 2024 ഫെബ്രുവരി രണ്ടിന് പിറവിയെടുത്ത ടിവികെ 234 മണ്ഡലങ്ങളില് പത്രിക നല്കിയെങ്കിലും എടപ്പാടിയില് പത്രിക തള്ളിയതോടെ തുടക്കം പാളി.അത്തരത്തില് 232 മണ്ഡലങ്ങളിലാണ് വിസില് അടയാളത്തില് ഇതര മുന്നണികളോടുള്ള പോരാട്ടം. വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിലും ചെന്നൈയിലെ പെരമ്പൂരിലും മത്സരിക്കുന്നു. 180 സീറ്റുകളും 44.9 ശതമാനം വോട്ടുകളും ഡിഎംകെ നേടി സ്റ്റാലിന് ഭരണം തുടരുമെന്നാണ് അഗ്നി ന്യൂസ് അഭിപ്രായ സര്വേ ഫലം. ഭരണം പിടിക്കാന് വേണ്ടത് 118 അസംബ്ളി സീറ്റുകള് മാത്രം.
എഐഎഡിഎംകെ-ബിജെപി പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു തവണ സംസ്ഥാനം പറന്നു വലംവച്ചു. ഡിഎംകെ മുന്നണിക്ക് സ്റ്റാലിനാണ് പ്രചാരണ നായകന്. സീറ്റ് വിഭജനത്തില് ചെറുതാക്കിയെന്ന കല്ലുകടിയുമായി അകന്നു നിന്ന രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതര ദേശീയ നേതാക്കളും ഉടന് പ്രചാരണത്തിനെത്തുന്നതോടെ ഡിഎംകെ-കോണ്ഗ്രസ് സഖ്യത്തിന്റെ കരുത്തു കൂടും. മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് 54 സീറ്റുകളും 38.5 ശതമാനം വോട്ടുകളുമാണ് അഗ്നി ന്യൂസ് സര്വേ ഫലം. വിജയ്യുടെ ടിവികെ പരമാവധി പിടിക്കുക 9.7 ശതമാനം വോട്ടുകള് മാത്രമെന്നും സർവേയില്‍ പറയുന്നു.
വൈകാരികമായി വിധിയെഴുതുന്ന തമിഴരുടെ നസിലിരിപ്പ് വോട്ടിംഗ് യന്ത്രം തുറക്കുമ്പോഴേ പുറത്തുവരൂ. റോഡ് ഷോകളും നേതാക്കളുടെ പ്രസംഗങ്ങള്ക്കിടെ ആവേശ മുദ്രാവാക്യങ്ങളുമായി തീ പാറുന്ന പോരാട്ടമാണ് മിക്ക മണ്ഡലങ്ങളിലും. താരാരാധന പരിധി വിടുന്ന സാഹചര്യത്തില് അണികള് റോഡ് ഷോകളില് ബൈക്കപകടത്തില് പെടുന്ന സാഹചര്യമുണ്ട്. തിക്കിലും തിരക്കിലും 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂര് ദുരന്തത്തിന്റെ പശ്ചാത്തലത്തില് 51 നിര്ദേശങ്ങള് പോലീസ് വിജയ്യുടെ പ്രചാരണ പരിപാടികള്ക്ക് നല്കിയിട്ടുണ്ട്.മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കനിമൊഴി എംപിയുമാണ് ഡിഎംകെയുടെ നായകനിര. സ്റ്റാലിന് എല്ലാ മണ്ഡലങ്ങളും ഓട്ടപ്രദക്ഷിണം നടത്തിയപ്പോള് ചെന്നൈ മണ്ഡലങ്ങള് കേന്ദ്രീകരിച്ചാണ് ഉദയനിധി സ്റ്റാലിന്റെയും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെയും പ്രചാരണം. കേന്ദ്ര മന്ത്രി പീയുഷ് ഗോയല് ചെന്നൈയില് ക്യാമ്പ് ചെയ്താണ് ബിജെപി ക്യാന്പ ്‌ഏകോപിപ്പിക്കുന്നത്.രണ്ടില അടയാളമായ എഐഎഡിഎംകെ മുന്നണിയില് 27 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. 2021 ലെ തിരഞ്ഞെടുപ്പില് എട്ട് സീറ്റുകളിലേ ബിജെപി കടന്നുകൂടിയുള്ളു. എഐഎഡിഎംകെ 169 സീറ്റുകളില് മത്സരിക്കുന്നു. സഖ്യകക്ഷികള്ക്ക് 65 മണ്ഡലങ്ങള് നല്കി. ചെന്നൈയിലെ 16 സീറ്റുകളില് 13 എണ്ണത്തിലും എഐഎഡിഎംകെ മത്സരിക്കുന്നു.ഡിഎംകെ മുന്നണിയില് കോണ്ഗ്രസ് 28 സീറ്റുകളില് മത്സരിക്കുന്നു. 2021ല് 25 സീറ്റുകളില് മത്സരിച്ച കോണ്ഗ്രസിന് 18 സീറ്റുകളില് വിജയിക്കാനായി. എം.കെ. സ്റ്റാലിന് ചെന്നൈയ്ക്കടുത്ത് കൊളത്തൂരില്നിന്നും ഉദയനിധി സ്റ്റാലിന് ചെപ്പോക്ക്-ട്രിപ്ലിക്കനില്നിന്നും വീണ്ടും ജനവിധി തേടുന്നു.