മാങ്കുളം : മധ്യവേനലവധി ആരംഭിച്ചതോടെ അടിമാലി മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്തേക്കുള്ള സഞ്ചാരികളുടെ വരവ് വർധിച്ചു വരുന്നു.മൂന്നാറിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും മാങ്കുളം സന്ദർശിച്ചതിനുശേഷമാണ് ഇപ്പോൾ മടങ്ങുന്നത്. മാങ്കുളം പഞ്ചായത്തിൽ സന്ദർശകരെ ആകർഷിക്കുന്ന പ്രധാന മേഖലയാണ് ആനക്കുളം. ഇവിടെ എല്ലാ ദിവസവും
നിരവധി കാട്ടാനകളാണ് വെള്ളം കുടിക്കാൻ എത്തുന്നത്.
തിരഞ്ഞെടുപ്പ് ദിവസം മുപ്പതോളം കാട്ടാനകൾ കൂട്ടമായി ആനക്കുളം ഓരിലേക്ക് എത്തിയ കാഴ്ച സമൂഹമാധ്യമങ്ങൾ വഴി വലിയ ജനശ്രദ്ധ ആകർഷിച്ചിരുന്നു. എന്നാൽ വേനൽചൂട് കനത്തതോടെ വനത്തിൽനിന്നും കാട്ടാനകൾ കൂട്ടമായാണ് ആനക്കുളത്തേക്ക് എത്തുന്നത്. ഇത് പുറംലോകം കൂടുതലായി അറിഞ്ഞുതുടങ്ങിയതോടെ ഓരോ ദിവസവും നൂറുകണക്കിന് സഞ്ചാരികൾ രാവിലെ മുതൽ ആനക്കുളത്ത് കാട്ടാനയെ കാണുന്നതിനുവേണ്ടി തമ്പടിച്ചിരിക്കുന്നു.
ഭയപ്പാടില്ലാതെ മണിക്കൂറുകളോളം കാട്ടാനകളുടെ നീരാട്ട് കണ്ട് ആസ്വദിക്കുവാൻ ആനക്കുളത്ത് സാധിക്കും. മധ്യവേനലവധി ആരംഭിച്ചതോടെ ആനക്കുളം സഞ്ചാരികളെകൊണ്ട് ഉത്സവലഹരിയിലാണ്.