സീരിയല്‍ നടൻ സിദ്ധാർഥ് വേണുഗോപാല്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്.
കഴിഞ്ഞ രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോഗമെന്ന് സീമ പറയുന്നു. തൃശൂര്‍ ചാലക്കുടി സ്വദേശിയാണ് സിദ്ധാര്‍ത്ഥ്.
"പ്രതീക്ഷകള്‍ അസ്തമിച്ചു ..പ്രശസ്ത സീരിയല്‍താരം സിദ്ധാർഥ് വേണുഗോപാല്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻ തീരുമാനിച്ചു നീ കൂടുതല്‍ വേദനിക്കണ്ടായെന്ന് ..വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു", എന്നാണ് സീമ ജി നായർ കുറിച്ചത്. നിരവധി പേരാണ് സിദ്ധാര്‍ത്ഥിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് എത്തുന്നത്.
കസ്തൂരിമാന്‍, ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയവേഷം ചെയ്ത് കയ്യടി നേടിയ നടനായിരുന്നു സിദ്ധാര്‍ത്ഥ് വേണുഗോപാല്‍. ചെറുപ്പം മുതല്‍ അഭിനയത്തോട് തല്പരനായി സിദ്ധാര്‍ത്ഥ് കോളേജ് കാലഘട്ടത്തില്‍ പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമായി. സ്വകാര്യ ചാനലില്‍ അവതാരകനായിരിക്കെ സീരിയല്‍, സിനിമ നിർമാതാവുമായ അരുണ്‍ ഘോഷിലൂടെ സീരിയലില്‍ എത്തി. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ കുടുംബം. അച്ഛന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.