ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ മകളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി!

ന്യൂഡൽഹി :തലസ്ഥാനത്തെ നടുക്കി ഉന്നത ഉദ്യോഗസ്ഥന്റെ മകള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ 22-കാരിയായ മകളെയാണ് തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ അമര്‍ കോളനിയിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ വീട്ടിലെ മുന്‍ ജോലിക്കാരനായിരുന്ന രാജസ്ഥാന്‍ സ്വദേശി രാഹുലിനായി (25) പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ബുധനാഴ്ച രാവിലെ മാതാപിതാക്കള്‍ ജിമ്മില്‍ പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എന്‍ജിനീയറിങ് ബിരുദധാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാഹുലിനെ സാമ്പത്തിക തിരിമറികളെത്തുടര്‍ന്ന് ആറാഴ്ച മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള പകയാകാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബുധനാഴ്ച രാവിലെ ആറുമണിയോടെ പ്രതി വീടിന് സമീപം എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മാതാപിതാക്കള്‍ ജിമ്മിലേക്ക് പോകുന്നത് വരെ കാത്തുനിന്ന ശേഷം, മറ്റ് ജോലിക്കാര്‍ എത്തുന്നതിന് മുന്‍പ് ഇയാള്‍ അകത്ത് കയറുകയായിരുന്നു. പെണ്‍കുട്ടി പ്രതിയെ ശക്തമായി പ്രതിരോധിച്ചതായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ചെറുത്തുനില്‍പ്പിനിടെ പ്രതി പെണ്‍കുട്ടിയുടെ തലയ്ക്ക് അടിച്ചു വീഴ്ത്തുകയും തുടര്‍ന്ന് ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിക്കുകയുമായിരുന്നു.

വീടിന് പുറത്ത് സൂക്ഷിക്കാറുള്ള താക്കോല്‍ ഉപയോഗിച്ചാണ് പ്രതി അകത്തുകടന്നതെന്ന് കരുതുന്നു. പ്രതിയെ കണ്ടെത്താനായി ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം രാജസ്ഥാനിലെ അല്‍വാറിലേക്ക് തിരിച്ചു. ഇയാള്‍ മറ്റൊരു പീഡനക്കേസിലും പ്രതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും ക്രൈംബ്രാഞ്ച് സംഘവും വിശദമായ പരിശോധന നടത്തി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ലൈംഗിക പീഡനത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
Previous Post Next Post