കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മതവികാരം ഇളക്കിവിട്ടെന്ന ഹർജിയിൽ, തൃശൂരിലെ ബിജെപി ലോക്സഭാംഗം സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളി. എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡൻറ് എ എസ് ബിനോയ് ആണ് സുരേഷ് ഗോപിയുടെ വിജയത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്നും വിജയിച്ച സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും അത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ചിത്രങ്ങളും ദൃശ്യങ്ങളുമടക്കം ഹർജിക്കാരൻ കൈമാറിയിരുന്നു. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം ഹൈക്കോടതി തള്ളിയതോടെ വിചാരണ നേരിടേണ്ടി വരും.
ഹൈക്കോടതി ഇടപെടൽ സ്വാഗതാർഹമാണെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി എസ് സുനിൽകുമാർ പ്രതികരിച്ചു. മതത്തെ ദുരുപയോഗിച്ചും വോട്ടർമാരെ സ്വാധീനിക്കാൻ പണവും ഉപഹാരങ്ങളും നൽകിയുമാണ് സുരേഷ് ഗോപി പ്രചാരണം നടത്തിയത്. ആരോപണങ്ങൾക്ക് അടിസ്ഥാനമായ എല്ലാ തെളിവുകളും കോടതിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. തുടർനടപടികളിൽ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സുനിൽകുമാർ പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തൃശൂരിൽ നിന്ന് സുരേഷ് ഗോപി വിജയിച്ചത്.
