എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് നല്‍കി.
പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് അതിവേഗം അന്വേഷണം നടത്തി കളക്ടർ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചത്. വോട്ടിനായി പണം കൈമാറിയെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കളക്ടർ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നത്. സംഭവ സ്ഥലത്തെത്തി തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തിയതിന്‍റെ വിശദാംശങ്ങളും കളക്ടർ വിവരിച്ചിട്ടുണ്ട്. വയോധിക പണം കിട്ടിയില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നതെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചെന്ന ആരോപണം നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ച് കൂടുതല്‍ നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പെരുമാറ്റചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കുമെന്നും ഡോ. രത്തൻ യു കേല്‍ക്കർ അറിയിച്ചു.
വിശദാംശങ്ങള്‍
പാലക്കാട് സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഏപ്രില്‍ 8 ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്നാണ് പരാതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉടൻ തന്നെ ഫ്ലൈയിംഗ് സ്ക്വാഡിനെ സ്ഥലത്തേക്ക് അയച്ചെന്നും രത്തൻ യു കേല്‍ക്കർ വിവരിച്ചു. മാധ്യമങ്ങളില്‍ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവുവിന്റെ (65) മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തി. എന്നാല്‍ തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് അവർ മൊഴി നല്‍കിയിട്ടുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചെന്ന ആരോപണം നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസ് വിഭാഗത്തിനും റിപ്പോർട്ടിന്റെ പകർപ്പ് ജില്ലാ കളക്ടർ നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
കേസെടുക്കാൻ കളക്ടർ പരാതി നല്‍കി
അതേസമയം സംഭവത്തില്‍ പാലക്കാട് കളക്ടർ, പൊലീസ് എസ് പിക്ക് പരാതി നല്‍കി. കോടതിയുടെ അനുമതി പ്രകാരം കേസെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.