തൃശൂർ: തൃശൂരില്‍ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തില്‍ സ്ഫോടനം. അപകടത്തില്‍ ആറു പേർ മരിച്ചതായാണ് റിപ്പോർട്ട്.നാല്‍പ്പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. തൃശൂർ പുരത്തിനുള്ള വെടിക്കെട്ട് സാമഗ്രികള്‍ നിർമ്മിച്ചിരുന്ന കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരെ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. തിരുവമ്പാടി ദേവസ്വം ബോർഡിനായി വെടിക്കെട്ട് സാമഗ്രികള്‍ നിർമ്മിക്കുന്ന മുണ്ടത്തിക്കോടാണ് സ്‌ഫോടനം നടന്നത്.തീ നിയന്ത്രണവിധേയമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴും വെടിക്കെട്ടു പുരയില്‍ പെട്ടിത്തെറി തുടരുകയാണ്. ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങളും തീയണയ്ക്കാനുള്ള തീവ്ര ശ്രമവും തുടരുന്നത്. അപകടം നടന്ന സ്ഥലത്തേക്ക് ചെറിയ വഴിയായതിനാല്‍ ഫയർഫോഴ്സ് സംഘത്തിന് സ്ഥലത്തെത്താൻ പ്രയാസം നേരിട്ടു.
വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റതായാണ് വിവരം. അതേസമയം, സംഭവസ്ഥലത്തു നിന്ന് ശരീര ഭാഗങ്ങള്‍ അടക്കം കണ്ടെത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.