അന്താരാഷ്ട്ര വിമനത്താവളം വഴി വിദേശ മദ്യം കൊണ്ടുവരുന്നതില്‍ ആശയക്കുഴപ്പമുണ്ടാക്കി കസ്റ്റംസ് കമ്മീഷണറുടെ സര്‍ക്കുലര്‍.
ബാഗേജ് റൂള്‍ പ്രകാരമുള്ള രണ്ട് ലിറ്ററില്‍ കൂടുതല്‍ വിദേശമദ്യം കൊണ്ടുവന്നാലും പിഴയടച്ച് കടത്തിക്കൊണ്ടുപോകാൻ അനുവദിക്കരുതെന്ന കസ്റ്റംസ് കമ്മീഷണറുടെ സര്‍ക്കുലറാണ് വിവാദത്തിലായത്. എന്നാല്‍ സര്‍ക്കുലറിനെ കുറിച്ച് ഔദ്യോഗികമായി വിശദീകരിക്കാൻ കൊച്ചി എയര്‍ കസ്റ്റംസ് തയ്യാറായിട്ടില്ല. എക്സൈസ് ലൈൻസുണ്ടോയെന്ന് പരിശോധിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍, സര്‍ക്കുലറിനെതിരെ വിമര്‍ശനവും പ്രതിഷേധവും ശക്തമായി. സര്‍ക്കുലറിനെ പരമാര്‍ശം തെറ്റെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബാഗേജ് റൂള്‍ പ്രകാരം ഒരാള്‍ക്ക് രണ്ട് ലീറ്റര്‍ വിദേശ മദ്യം കൊണ്ടുവരാം. അളവില്‍ കൂടുതലുണ്ടെങ്കില്‍ പിഴയടച്ച് പുറത്തേക്ക്
കൊണ്ടുപോകാം. ഈ പതിവ് നിയമം നടപ്പിലാക്കുന്നതിനിടെയാണ് ഏപ്രില്‍ 20ന് കസ്റ്റംസ് കമ്മീഷണര്‍ ജി.എസ്. ബായ്ൻസ് മറ്റൊരു സര്‍ക്കുലര്‍ ഇറക്കിയത്. യാത്രക്കാര്‍ രണ്ട് ലിറ്ററില്‍ കൂടുതല്‍ വിദേശ മദ്യം കൊണ്ടുവന്നാല്‍ അവ പിടിച്ചെടുക്കണം. പിഴയടച്ച് കൊണ്ടുപോകാൻ അനുവദിക്കേണ്ടതില്ല എന്നാണ് നിര്‍ദേശം. കൂടുതല്‍ മദ്യവുമായി എത്തുന്നയാള്‍ക്ക് കേരള അബ്കാരി നിയമപ്രകാരമുളള എക്സൈസ് അനുമതിയുണ്ടോ എന്ന് പരിശോധിച്ച ശേഷം മദ്യം കൊണ്ടുപോകാൻ അനുവദിക്കാമെന്നും സര്‍ക്കുലറിലുണ്ട്. ഉത്തരവിനെതിരെ കസ്റ്റംസ് മുൻ ഓഫീസര്‍മാര്‍ തന്നെ രംഗത്തെത്തി. വിമാനത്താവളത്തിന് അകത്ത് അബ്കാരി നിയമം ബാധകമല്ലെന്നിരിക്കെ, സര്‍ക്കുലറിൻ്റെ നിയമസാധുത തന്നെ വിദഗ്ധര്‍ ചോദ്യം ചെയ്യുന്നു.
എക്സൈസ് ലൈസൻസ് നല്‍കാറുള്ളത് മദ്യം വില്‍ക്കാനാണ് , യാത്രക്കാര്‍ക്ക് മദ്യം കൊണ്ടുവരാൻ എക്സൈസ് ലൈസൻസ് അനുവദിക്കാറില്ല. അതിനാല്‍, കസ്റ്റംസ് കമ്മീഷണറുടെ സര്‍ക്കുലര്‍, യാത്രക്കാരെ മൊത്തം ആശയക്കുഴപ്പിലാക്കുന്നു. നാല് വിമാനത്താവളങ്ങളുള്ള കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിമാന സര്‍വീസുകളുള്ള കൊച്ചിയില്‍ മാത്രം വിദേശ മദ്യം കൊണ്ടുവരുന്നതില്‍ സവിശേഷ നിയന്ത്രണം ഏര്‍പ്പെടുത്തിയതും വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്.