വനിത സംവരണ ഭേദഗതി ബില്‍ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ പാർലമെൻറ് സമ്മേളനം നാളെ മുതല്‍ ആരംഭിക്കും. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിത സംവരണം നടപ്പാക്കാനാണ് ബില്ലിലെ ശുപാർശ.
ബില്ലിനെക്കുറിച്ച് ആലോചിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയില്‍ ചേരും. മണ്ഡല പുനർനിർണ്ണയം തിരക്കിട്ട് നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇതിനിടെ മണ്ഡല പുനർനിർണ്ണയത്തില്‍ സമവായത്തിന് കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ എണ്ണം മണ്ഡല പുനർനിർണയ കമ്മീഷൻ നിശ്ചയിക്കും. എല്ലായിടത്തും പകുതി സീറ്റുകള്‍ കൂടും എന്ന നിർദ്ദേശം ഒഴിവാക്കിയത് സമവായത്തിന് വേണ്ടിയെന്നാണ് വാദം. ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആകെ സീറ്റുകളുടെ എണ്ണം 850 ആയിരിക്കുമെന്നെ നിശ്ചയിച്ചിട്ടുള്ളു. ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്നത് ചർച്ചകള്‍ക്ക് ശേഷം നിശ്ചയിക്കാമെന്നാണ് സർക്കാറിന്റെ നിർദ്ദേശം.
അതേസമയം പാർലമെൻറ് സമ്മേളനം ചേരാൻ ഒരു ദിവസം ബാക്കി നില്ക്കെയാണ് ബില്ലുകള്‍ എംപിമാർക്ക് സർക്കാർ വിതരണം ചെയ്തത്. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുകയും, ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റുകളും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് 35 സീറ്റുകളും ഉണ്ടാകുമെന്നാണ് ബില്ലില്‍ ശുപാർശ ചെയ്തിരിക്കുന്നത്. അതേസമയം മണ്ഡല പുനർനിർണ്ണയം 2026ലെ സെൻസസിന് ശേഷം മതിയെന്ന വ്യവസ്ഥ എടുത്തു കളഞ്ഞു, 2011 സെൻസസ് പ്രകാരമാകും 850 ലോക്സഭ സീറ്റുകള്‍ നിശ്ചയിക്കുക. ഈ 850ല്‍ മൂന്നിലൊന്ന് അതായത് 283 സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യും. ഓരോ തെരഞ്ഞെടുപ്പിലും വനിതകള്‍ക്കുള്ള സീറ്റുകള്‍ മാറ്റി നിശ്ചയിക്കും. വനിതകള്‍ക്ക് സംവരണം ചെയ്യുന്ന സീറ്റുകളില്‍ പട്ടിക ജാതി പട്ടിക വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കും.
എന്നാല്‍ ഒബിസി ഉപസംവരണത്തിന് നിർദ്ദേശമില്ല. സുപ്രീം കോടതി ജഡ്ജിയാകണം കമ്മീഷന് നേതൃത്വം നല്കേണ്ടത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറോ അല്ലെങ്കില്‍ കമ്മീഷണർമാരില്‍ ഒരാളോ അംഗമായിരിക്കും. ഓരോ സംസ്ഥാനത്തും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷന്റെ ഭാഗമാകും. പാർലമെന്റ് മണ്ഡലത്തിനകത്ത് നില്ക്കുന്ന തരത്തില്‍ നിയമസഭ സീറ്റുകളും പുനർനിശ്ചയിക്കണമെന്ന് ബില്ല് നിർദ്ദേശിക്കുന്നു. 2029ല്‍ സംവരണം നടപ്പാകും എന്നാണ് സർക്കാർ നിലപാടെങ്കിലും ബില്ലില്‍ ഇക്കാര്യം പറയുന്നില്ല. നിയമഭേദഗതിക്കായുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി ശക്തമാക്കുകയാണ്. സ്ത്രീകള്‍ക്ക് എഴുതിയ കത്തില്‍ ഇപ്പോഴിത് പാസ്സാക്കാനായില്ലെങ്കില്‍ അത് ദൗർഭാഗ്യകരമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എംപിമാർക്കുമേല്‍ സ്ത്രീകള്‍ ഇതിനായി സമ്മർദ്ദം ചെലുത്തണം എന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.