പാലാ: പാലാ നഗരത്തിൽ പുലി ഇറങ്ങിയതായി അഭ്യൂഹം വ്യാപകമായി. ജനറൽ ആശുപത്രി റോഡിൽ രാത്രി കാലത്ത് പണി നടത്തിവന്നിരുന്ന തൊഴിലാളികൾ ഒരു പട്ടിയെ അജ്ഞാത ജീവി കടിച്ചെടുത്തുകൊണ്ടു പോകുന്നത് കണ്ടതായി പ്രചരിച്ച വാർത്തയെത്തുടർന്നാണ് പാലായിൽ പുലി ഇറങ്ങിയതായി അഭ്യൂഹം വ്യാപകമായത്.
പാലാ നഗരത്തിലെ ഒരു വീട്ടിൽ നിന്നും പട്ടിയെ കാണാതായതായി ഉടമ പറഞ്ഞതായി കൗൺസിലർ ലീനാ സണ്ണി സ്ഥിരീകരിച്ചിട്ടുണ്ട്. അജ്ഞാതജീവി പിടിച്ചതാണോ അല്ലാതെ കാണാതായതാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ലീനാ സണ്ണി വ്യക്തമാക്കി.
പാലായിൽ ഈ പ്രദേശത്ത് അടക്കം വിവിധ മേഖലകളിൽ ആളനക്കമില്ലാതെ വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന നിരവധി സ്ഥലങ്ങൾ ഉണ്ട്. ജനവാസ കേന്ദ്രങ്ങൾക്കു നടുവിലാണ് ഇത്തരം കാടുപിടിച്ച സ്ഥലങ്ങൾ ഉള്ളത്. ഇവിടെയൊക്കെ കുറുക്കൻ, നരി, മുള്ളൻപന്നി തുടങ്ങിയ നിരവധി മൃഗങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും രാത്രി കാലങ്ങളിൽ ഇവയെ പലപ്പോഴും പാലാ ടൗണിലും പരിസര പ്രദേശങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
വേനൽ കടുത്തതോടെ ജല ലഭ്യതയും മറ്റും കുറഞ്ഞപ്പോൾ കാടുകളിൽ നിന്നും വന്യജീവികൾ പുറത്തിറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വലിയ കുറുക്കനെയോ നരിയെ മോ പുലിയായി തൊഴിലാളികൾ കണ്ടത് പുലിയായി തെറ്റിദ്ധരിച്ചതാകാൻ ഇടയുണ്ട്. പാലാ നഗരത്തിലും പരിസര പ്രദേശങ്ങളിലും നാളുകളായി തെളിയ്ക്കപ്പെടാതെ കാടുകയറിക്കിടക്കുന്ന സ്ഥലങ്ങൾ നിരവധിയുണ്ട്. ഇവിടെയൊക്കെ നിരവധി വന്യജീവികളെ കണ്ടെത്തിയിട്ടുമുണ്ട്. പുലി ഇറങ്ങിയെന്ന അഭ്യൂഹം വ്യാപകമായ സാഹചര്യത്തിൽ അടിയന്തിരമായി പരിശോധനകൾ നടത്തുകയും കാടുകൾ വെട്ടിത്തെളിയ്ക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി. സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലും ഉള്ള സ്ഥലങ്ങളിലെ കാടുകൾ അടിയന്തിരമായി വെട്ടിത്തെളിച്ച് ഭീതി ഒഴിവാക്കണമെന്നും എല്ലാവിധ വന്യ ജീവികളിൽ നിന്നും സംരക്ഷണം നൽകണമെന്നും ആവശ്യമാണ് ഉയരുന്നത്. പട്ടിയെ പിടികൂടി കൊണ്ടു പോകുന്നത് കണ്ടെന്നു പറയുന്ന തൊഴിലാളികളെ കണ്ട് അന്വേഷിച്ചശേഷം പരാതി ഔദ്യോഗികമായി നൽകുമെന്ന് ലീനാ സണ്ണി അറിയിച്ചു.
പുലി ഇറങ്ങിയതായി പ്രചരിക്കുന്ന അഭ്യൂഹത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം അറിയിച്ചു.