കനത്ത മഴയില്‍ ബംഗളുരുവില്‍ ആശുപത്രി ചുറ്റുമതില്‍ ഇടിഞ്ഞ് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴുമരണം.മൂന്നു മലയാളികള്‍ അടക്കം ഏഴു പേര്‍ക്കു പരുക്ക്. രാമമംഗലം കിഴുമുറി തേക്കെ ഇറുമ്പില്‍ വീട്ടില്‍ സ്‌മിത(49), മനയ്‌ക്കകുടിയില്‍ വീട്ടില്‍ ലത(50) എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. രഘുവാണ് സ്‌മിതയുടെ ഭര്‍ത്താവ്. മക്കള്‍: അനാമിക, അരുന്ധതി, ആവണി. ലത അവിവാഹിതയാണ്.
ഇന്നലെയുണ്ടായ അതിശക്‌തമായ മഴയില്‍ ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതില്‍ തകര്‍ന്നാണ് ദാരുണസംഭവം. രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് 56 അംഗ സംഘം ബംഗളുരുവിലെത്തിയത്. രാവിലെ വിമാനമാര്‍ഗം ബംഗളുരുവിലെത്തിയ സംഘം വൈകിട്ട് ഷോപ്പിങ്ങിനിറങ്ങിയപ്പോഴാണ് കനത്ത മഴയും കാറ്റുമുണ്ടായത്. ഇതിനിടെ ആശുപത്രിയുടെ മതിലിനോടു ചേര്‍ന്ന് ടാര്‍പോളിന്‍ കെട്ടിയ ഭാഗത്തേക്ക് ഇവര്‍ മാറി. ഇതിനിടെയാണ് മതിലിടിഞ്ഞത്. മതിലിനോട് ചേര്‍ന്ന് തെരുവുകച്ചവടം നടത്തുന്നവരും കാല്‍നടയാത്രക്കാരുമാണ് അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍.
അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്‌ഥലത്തെത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
രണ്ടുമണിക്കൂറോളം തിമിര്‍ത്തുപെയ്‌ത മഴ ബംഗളുരു നഗരത്തെ വെള്ളത്തിനടിയിലാക്കി. 78 മില്ലീമീറ്റര്‍ മഴ പെയ്‌തെന്നാണു വിവരം. പലയിടങ്ങളിലും ആലിപ്പഴവര്‍ഷത്തോടെയായിരുന്നു പെരുമഴ പെയ്‌തത്.