അമേരിക്കൻ നാവിക ഉപരോധം നിലനില്‍ക്കെ അത് മറികടന്ന് ഇറാൻ ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ കയറ്റുമതി ചെയ്യുന്നതായി റിപ്പോർട്ടുകള്‍.വാഷിംഗ്ടണിന്റെ ഉപരോധ നീക്കങ്ങളെ നിഷ്പ്രഭമാക്കി ഇറാൻ തങ്ങളുടെ ഊർജ്ജ വിപണി സജീവമായി നിലനിർത്തുന്നതായാണ് ടാങ്കർ ട്രാക്കർമാരും സാറ്റലൈറ്റ് ചിത്രങ്ങളും വ്യക്തമാക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇറാൻ തങ്ങളുടെ എക്സ്പോർട്ട് ടെർമിനലുകളില്‍ നിന്ന് ഏകദേശം 46 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കയറ്റിയതായാണ് വിവരം. ഇതിന് ഏകദേശം 40 കോടി ഡോളറോളം മൂല്യം വരും. ഇതിനുപുറമെ 40 ലക്ഷം ബാരല്‍ എണ്ണ കൂടി ഉപരോധ രേഖകള്‍ മറികടന്നതായി സൂചനയുണ്ട്. കടലിലെ നിരീക്ഷണ സംവിധാനങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി കപ്പലുകളുടെ ട്രാൻസ്പോണ്ടറുകള്‍ ഓഫ് ചെയ്ത് യാത്ര ചെയ്യുന്ന സറ്റെല്‍ത്ത് ടാങ്കറുകള്‍ വഴിയാണ് ഇറാൻ ഈ നീക്കം നടത്തുന്നത്.
ഹോർമുസ് കടലിടുക്കിന്റെ വടക്കൻ തീരത്തുള്ള ഇറാന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഇത്തരം നീക്കങ്ങള്‍ക്ക് അവർക്ക് സഹായകരമാകുന്നു. ഈ നീക്കങ്ങള്‍ ആഗോള വിപണിയിലെ എണ്ണ വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ കുറച്ചിട്ടുണ്ട്. ഏപ്രില്‍ 30 ഓടെ എണ്ണവില സർവ്വകാല റെക്കോർഡിലേക്ക് എത്താനുള്ള സാധ്യത വിപണിയില്‍ 2 ശതമാനത്തില്‍ നിന്ന് 1.1 ശതമാനമായി കുറഞ്ഞു. ഇറാനിയൻ എണ്ണ വിപണിയില്‍ എത്തുന്നുണ്ടെന്ന ആത്മവിശ്വാസമാണ് ഇതിന് കാരണം.
അതേസമയം ഉപരോധം നീക്കിയാല്‍ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താമെന്ന് പാകിസ്ഥാൻ വഴി ഇറാൻ അമേരിക്കയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ആണവ പദ്ധതിയടക്കമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ഈ നിർദ്ദേശം അമേരിക്ക സ്വീകരിക്കാൻ സാധ്യതയില്ല. നിലവിലെ സാഹചര്യത്തില്‍ എണ്ണ കിണറുകള്‍ക്കോ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ നാശമുണ്ടായാല്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഭ്യന്തരമായി ഇറാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും എണ്ണ വിപണിയിലെ ഈ പ്രതിരോധം ശ്രദ്ധേയമാണ്.