കെഎസ്‌ആര്‍ടിസിയുടെ 'കെഎല്‍ 15' ബ്രാൻഡില്‍ കുപ്പിവെള്ളം, ജീവനക്കാര്‍ക്ക് അധികവരുമാനം!

കെഎസ്‌ആർടിസി ബസുകളില്‍ 'കെഎല്‍ 15' എന്ന ബ്രാൻഡില്‍ കുപ്പിവെള്ളം വില്‍ക്കാൻ പദ്ധതിയുമായി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ.
ഒരു കുപ്പി വെള്ളം 13 രൂപയ്ക്ക് വില്‍ക്കാനാണ് നീക്കം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ 'ഹില്ലി അക്വ' ആണ് കെഎല്‍ 15 എന്ന ബ്രാൻഡില്‍ കുപ്പിവെളളം നല്‍കുന്നത്. ഒരു കുപ്പി വെള്ളം വിറ്റാൻ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മിഷനായി ലഭിക്കും.

എന്നാല്‍ കെഎസ്‌ആർടിസിയുടെ നീക്കത്തിനെതിരെ തൊഴിലാളി യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. എതിർപ്പ് മറികടക്കാൻ ആദ്യഘട്ടത്തില്‍ സ്വിഫ്റ്റ് ബസുകളില്‍ കരാർ ജീവനക്കാരെക്കൊണ്ട് കുപ്പിവെള്ള വില്‍പന ആരംഭിക്കുമെന്നാണ് സൂചന. 

ആദ്യഘട്ടത്തില്‍ ദീർഘദൂര ബസുകളിലാകും കുപ്പിവെള്ളം നല്‍കിത്തുടങ്ങുക. അധികം വൈകാതെ തന്നെ എല്ലാ റൂട്ടിലെയും ബസുകളില്‍ കുപ്പിവെള്ളം ലഭിച്ചുതുടങ്ങും. ഓണ്‍ലൈനായി സീറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർക്ക് ഒരു കുപ്പി വെള്ളം നല്‍കാനും ആലോചനയുണ്ട്. വെള്ളത്തിന്റെ തുക ടിക്കറ്റിനൊപ്പം ഈടാക്കും. ഒരു ദിവസം രണ്ടുലക്ഷം ഓണ്‍ലൈൻ ടിക്കറ്റ് വില്‍പ്പന നടക്കുന്ന സാഹചര്യത്തില്‍, എട്ടുലക്ഷം രൂപ ഇതുവഴി ലാഭമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെള്ളക്കുപ്പികള്‍ വില്‍പ്പന തുടങ്ങുന്നതോടെ എല്ലാ ബസുകള്‍ക്കുള്ളിലും വേസ്റ്റ് ബിൻ സ്ഥാപിക്കും. നിലവില്‍ ദീർഘദൂര ബസുകളില്‍ മാത്രമാണ് വേസ്റ്റ്ബിൻ സ്ഥാപിച്ചിട്ടുള്ളത്. മാലിന്യം കെഎസ്‌ആർടിസി തന്നെ കൃത്യമായി നിർമാർജനം ചെയ്യും.
Previous Post Next Post