പാമ്പുകടിയേറ്റാല്‍ ആന്റി വെനം ഇല്ലാത്ത ആശുപത്രിയില്‍ എത്തിച്ച് സമയം കളയരുതെന്ന്‌ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ഇത്തരം സാഹചര്യത്തില്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. ആവശ്യമായവര്‍ 108 എന്ന നമ്പരില്‍ വിളിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും കനിവ് 108 ആംബുലന്‍സ് ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം കൂടി സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. പാമ്പുകടിയേറ്റ് വരുന്നവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് കനിവ് 108 ടീമിന് നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാള്‍ 108 ടീമിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുക. പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാല്‍ രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരും. അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് പ്രധാനം.
സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. പാമ്പ് കടി തിരിച്ചറിയാതെ പോകരുത്. ആന്റി വെനം നല്‍കുന്നതില്‍ വീഴ്ച പാടില്ല. ആവശ്യമെങ്കില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം എന്ന് ഡി എം ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ തരം പാമ്പുകളുടെ ആക്രമണം തിരിച്ചറിയാനാകണം എന്നും ഡിഎംഒമാരുടെ യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കേസുകളില്‍ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നുപേര്‍ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. 3 മൂന്നു മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നില്ല. രോഗികള്‍ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചിരുന്നത്. ചൂട് കൂടിയതോടെ പാമ്പുകടി മരണങ്ങളില്‍ ആശുപത്രികള്‍ക്ക് പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്റിവെനം ലഭ്യത കുറവില്ല. ആവശ്യത്തിന് ആന്റിവെനം സ്റ്റോക്ക് ഉണ്ടെന്നും ഡയറക്ടര്‍ വ്യക്തമാക്കി.