പത്രിക സമർപ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂർ പ്രകാശും; വാശിക്കു മുന്നിൽ ഹൈക്കമാൻഡ് വഴങ്ങുന്നു?


 

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കെ സുധാകരൻ നാമനിർദേശപത്രിക സമർപ്പിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. കേരള ഹൗസിൽ നിന്നും ബാധ്യതാ രഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കേരള ഹൗസിലെ കുടിശ്ശിക കെ സുധാകരൻ അടച്ചു തീർത്തു. ഡൽഹി സിപിഡബ്യുവിലെയും കുടിശ്ശിക തീർക്കുകയാണ്. കുടിശ്ശിക അടച്ചു തീർത്താലേ എൻഒസി സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കണ്ണൂരിൽ മത്സരിക്കണമെന്ന നിലപാടിൽ കെ സുധാകരൻ ഉറച്ചു നിൽക്കുകയാണെന്നാണ് വിവരം.



കോന്നിയിൽ അടൂർ പ്രകാശും മത്സരത്തിന് ഇറങ്ങാൻ കോപ്പുകൂട്ടുകയാണ്. അടൂർ പ്രകാശും കേരള ഹൗസിലെ കുടിശ്ശികകൾ അടച്ചു തീർത്തു. സംസ്ഥാന സർക്കാരിൽ നിന്നും ബാധ്യതാ രഹിത സർട്ടിഫിക്കറ്റ് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറോട് അടൂർ പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ട്. കോന്നിയിൽ സർപ്രൈസ് ഉണ്ടാകില്ലെന്നും, അടൂർ പ്രകാശ് മത്സരിക്കുമെന്നുമാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ സൂചിപ്പിക്കുന്നത്.


അതിനിടെ, കെ സുധാകരനും അടൂർ പ്രകാശിനും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ്, ഇക്കാര്യങ്ങൾ ഹൈക്കമാൻഡ് വീണ്ടും ആലോചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്നായിരുന്നു കേരള നേതൃത്വം ഹൈക്കമാൻഡിന് മുന്നിൽ നിർദേശം വെച്ചിരുന്നത്.

Previous Post Next Post