മത്സരിക്കാനില്ലെന്ന് സാബു എം ജേക്കബ്, തുഷാർ കുട്ടനാട്ടിൽ; അരൂരിൽ 'സർപ്രൈസ് സ്ഥാനാർഥി'യെ ഇറക്കാൻ ബിജെപി


 

കൊച്ചി: പ്രമുഖ നേതാക്കളെ കളത്തിലിറക്കി കേരളത്തിൽ നിയമസഭാ തെരഞ്ഞടുപ്പിൽ സജീവമാക്കാൻ എൻഡിഎ. സഖ്യ കക്ഷികളിലെ മുതിർന്ന നേതാക്കൾ മത്സര രംഗത്തുണ്ടാവണമെന്നാണ് ബിജെപിക്ക് ദേശീയ നേതൃത്വത്തിന്റെ നിർദേശം. കുട്ടനാട് സീറ്റിൽ ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേയ്ക്കും. എന്നാൽ അടുത്തിടെ എൻഡിഎയിൽ എത്തിയ ട്വന്റി 20 ചെയർമാൻ സാബു എം ജേക്കബ് മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. മുന്നണിയുടെ പ്രചാരണം ഏകോപിപ്പിക്കാൻ ആണ് താത്പര്യം എന്ന് സാബു എം ജേക്കബിന്റെ നിലപാട്.


അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നതിനാൽ ഇതിനോടകം ധാരണയിൽ എത്തിയ മണ്ഡലങ്ങളിൽ സജീവമാകാനും ബിജെപി നേതൃത്വം നേതാക്കൾക്ക് നിർദേശം നൽകി. ആലപ്പുഴ ജില്ലയിലെ കായംകുളം, കുട്ടനാട് മണ്ഡലങ്ങളിൽ ബിഡിജെഎസിന് നൽകാനും ധാരണയായിട്ടുണ്ട്. നേരത്തെ മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനെ കായംകുളത്ത് സ്ഥാനാർഥിയാക്കാൻ ബിജെപി ശ്രമം നടത്തിയിരുന്നു. എന്നാൽ സീറ്റ് വേണമെന്ന ബിഡിജെഎസ് നിലപാട് എടുത്തതോടെ ശോഭ സുരേന്ദ്രനെ പാലക്കാട്ടേക്ക് പരിഗണിക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി 45,000 വോട്ടുകൾ സ്വന്തമാക്കിയ അരൂർ സീറ്റും ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഡിജെഎസ് ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ അരൂരിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ എൻഡിഎ കളത്തിലിറക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


അതിനിടെ, വ്യാഴാഴ്ച പാലക്കാട് എത്തിയ ശോഭ സുരേന്ദ്രൻ അനൗപചാരികമായി പ്രവർത്തനം ആരംഭിച്ചു. ആർഎസ്എസിലെ മുതിർന്ന നേതാക്കളുമായി ശോഭ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ ഇതിനോടകം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ മലമ്പുഴയിലും സജീവമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 45,000 ത്തിലധികം വോട്ടുകൾ ലഭിച്ച മണ്ഡലങ്ങളാണ് ഇവ. അതേസമയം, പാലക്കാട് സീറ്റിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ആലത്തൂരിൽ മത്സരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ബിജെപി വക്താവ് ശങ്കു ടി ദാസിനെ ഷൊർണൂരിലും മത്സരിച്ചേയ്ക്കും. ബിഡിജെഎസ് നേതാവ് എംആർ അനുരാഗ് നെന്മാറയിൽ സ്ഥാനാർഥിയായേക്കും.


ട്വന്റി 20 മുന്നണിയുടെ ഭാഗമായതോടെ എറണാകുളം ജില്ലയിലെ പ്രധാന സീറ്റുകൾ ബിജെപി വിട്ടുനൽകിയേക്കും. തൃക്കാക്കര, കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, വൈപ്പിൻ എന്നിവയുൾപ്പെടെ മിക്ക സീറ്റുകളും ട്വന്റി 20 അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. പറവൂർ ബിഡിജെഎസ് മത്സരിച്ച സീറ്റാണെങ്കിലും അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ മുനിസിപ്പൽ ചെയർപേഴ്സൺ വൽസല പ്രസന്നകുമാറിനെ ഇവിടെ പരിഗണിച്ചേയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തൃപ്പൂണിത്തുറ, എറണാകുളം, പറവൂർ സീറ്റുകളിൽ മാത്രമായിരിക്കും ബിജെപി സ്ഥാനാർഥികൾ.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് ഏകദേശം 40% വോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ, സീറ്റ് ട്വന്റി 20 നൽകുന്നതിലും ചർച്ചകൾ പുരോഗമിക്കുകയാണ്. തൃശൂർ ജില്ലയിൽ പുതുക്കാട്, നാട്ടിക, മണലൂർ, വടക്കാഞ്ചേരി, ചേലക്കര, ഇരിങ്ങാലക്കുട എന്നിവയും ബിജെപി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളാണ്. ബിജെപി നേതാവ് എ നാഗേഷ് പുതുക്കാട് മണ്ഡലത്തിൽ മത്സരിച്ചേയ്ക്കും.

Previous Post Next Post