തൃശൂർ: തൃശൂരിൽ സ്ഥാനാർഥികളുടെ പത്രികാസമർപ്പണവേളയിൽ തർക്കവും ഒച്ചപ്പാടും. മുഹൂർത്തം തെറ്റുമെന്ന് ബിജെപിയും അവർക്കുമുമ്പേ എത്തിയ തങ്ങളുടെ പത്രിക ചട്ടപ്രകാരം സ്വീകരിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പട്ടതോടെയാണ് തർക്കമുണ്ടായത്.
പത്രിക സമർപ്പിക്കാൻ ആദ്യമെത്തിയ കോൺഗ്രസ്സ് സ്ഥാനാർഥി രാജൻ പല്ലന്റെ നടപടിക്രമങ്ങളിൽ താമസംവന്നതാണ് മുന്നണികൾ തമ്മിലുള്ള തർക്കത്തിലെത്തിച്ചത്. തൊട്ടുപിറകേ എത്തിയ എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണന്റെ പത്രികസ്വീകരിക്കും മുമ്പെ തങ്ങളുടേത് സ്വീകരിക്കണമെന്ന് പത്മജവേണുഗോപാൽ ആവശ്യപ്പെട്ടതോടെ വാക്കേറ്റമായി. മുഹൂർത്തം തെറ്റുമെന്നായിരുന്നു ബിജെപി ഉന്നയിച്ച വാദം.
തുടർന്ന് ഉദ്യോഗസ്ഥരും എൽഡിഎഫ് നേതാക്കളും വാക്കേറ്റമായി. ഊഴമനുസരിച്ച് തങ്ങളാണ് രണ്ടാമതെത്തിയത്. അതു തെറ്റിക്കരുതെന്ന് സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്ന വി.എസ് സുനിൽകുമാർ പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർ അങ്കലാപ്പിലായി. ഒടുവിൽ എൽഡിഎഫിന്റെ പത്രിക വാങ്ങിവയ്ക്കാനും വെരിഫിക്കേഷൻ ബിജെപിയുടെ പത്രികാസമർപ്പണത്തിനുശേഷം നടത്താനും ധാരണയാവുകയായിരുന്നു.
