മലപ്പുറം: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി പൊന്നാനി എൽഡിഎഫിൽ ഉടലെടുത്ത തർക്കം പരസ്യമായ പോരിലേക്ക്. പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി എം കെ സക്കീറിനെതിരെ ' 44-ാം വാർഡ് സഖാക്കൾ പുതുപൊന്നാനി' എന്ന പേരിൽ മണ്ഡലത്തിൽ വ്യാപകമായി ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. വോട്ട് 'നോട്ട'യ്ക്ക് രേഖപ്പെടുത്തുമെന്ന വെല്ലുവിളിയാണ് ഒരു വിഭാഗം പ്രവർത്തകർ ഉയർത്തുന്നത്.
അടിമകളാകാൻ തങ്ങൾ തയ്യാറല്ലെന്നും ചങ്ങലകളാൽ ബന്ധിതരല്ലെന്നുമാണ് പോസ്റ്ററിലെ പ്രധാന വാചകം. ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന പ്രസ്ഥാനങ്ങൾ പരാജയത്തിന്റെ വരികൾ വായിക്കേണ്ടി വരും. ഈ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ വോട്ട് നോട്ടയ്ക്കായിരിക്കും തുടങ്ങിയ വരികളോടെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
വിഎസ് അച്യുതാനന്ദൻ, ചെഗുവേര, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളോടുള്ള കടുത്ത അമർഷമാണ് ഈ ബോർഡുകളിലൂടെ പുറത്തുവരുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വന്നത് മുതൽ പ്രാദേശികമായി നിലനിന്നിരുന്ന അതൃപ്തിയാണ് ഇപ്പോൾ പരസ്യമായ പ്രതിഷേധമായി മാറിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ സ്വന്തം പാളയത്തിൽ നിന്നുയരുന്ന ഈ 'നോട്ട' ഭീഷണി ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
