പെട്രോൾ, ഡീസൽ വില കൂട്ടി നയാര


 

ന്യൂഡൽഹി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി നയാര എനർജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വർധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലർമാരാണ് നയാര എനർജി. റഷ്യൻ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ പങ്കാളിത്തമുള്ള കമ്പനിയാണിത്.


പൊതുമേഖലാ എണ്ണക്കമ്പനികളും മറ്റ് സ്വകാര്യ കമ്പനികളും സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്താതെ പിടിച്ചുനിൽക്കുമ്പോഴാണ് നയാരയുടെ ഇരുട്ടടി. ഇറാൻ-യുഎസ് യുദ്ധം മൂലമുണ്ടായ ഊർജ്ജ ആശങ്കകളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിലുണ്ടായ പ്രതിസന്ധി ക്രൂഡ് ഓയിൽ വിലയുൾപ്പെടെ ഉയരാൻ ഇടയാക്കിയിട്ടും രാജ്യത്ത് സാധാരണ പെട്രോൾ ഡീസൽ വില വർധിപ്പിച്ചിരുന്നല്ല. എന്നാൽ, പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും വ്യവസായങ്ങൾക്കുള്ള ഡീസലിന് 22 രൂപയും അടുത്തിടെ കൂട്ടിയിരുന്നു. മാർച്ച് 20 മുതൽ പുതിയ വില പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു.


അതിനിടെ. റഷ്യൻ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ പങ്കാളിത്തമുള്ള നയാര എനർജിയുടെ എണ്ണ ശുദ്ധീകരണ പ്ലാന്റ് 35 ദിവസത്തേക്ക് അടച്ചിടുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിവർഷം 20 ദശലക്ഷം ടൺ ശുദ്ധീകരണ ശേഷിയുള്ള, ഗുജറാത്തിലെ, വാദിനാർ റിഫൈനറിയാണ് അടച്ചിടാൻ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏപ്രിൽ ആദ്യം മുതലാണ് അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് നീക്കം. ഇതോടെ രാജ്യത്തെ ക്രൂഡ് ഓയിൽ ശുദ്ധീകരണ ശേഷിയിൽ 8 ശതമാനം കുറവുണ്ടാകും. നയാര പമ്പുകൾക്കും പൊതുമേഖലാ കമ്പനികൾക്കുമാണ് ഈ പ്ലാന്റിൽ നിന്നും എണ്ണ നൽകുന്നത്.

Previous Post Next Post