തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വേഗത്തിലാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 140 സ്ഥാനാർത്ഥികളെയും യുഡിഎഫ് തീരുമാനിച്ചു കഴിഞ്ഞു. ഒരു അപസ്വരവും ഇല്ലാതെയാണ് സീറ്റു വിഭജനം യുഡിഎഫ് പൂർത്തിയാക്കിയത്. കേരള കോൺഗ്രസ് അടക്കം വിട്ടു വീഴ്ചകൾ ചെയ്തു. അക്ഷരാർത്ഥത്തിൽ ടീം യുഡിഎഫ് ആയിട്ടാണ് പ്രവർത്തിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ മൂന്നു ദിവസം എടുത്തു എന്നാണ് ഇപ്പോൾ വാർത്ത. പണ്ട് എത്ര ദിവസമാണ് എടുത്തിരുന്നത്?. തിരുവനന്തപുരത്ത് എകെജി സെന്ററിൽ ഇരുന്ന് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതു പോലെയല്ല കോൺഗ്രസിനുള്ളിലെ പ്രൊസീജിയറെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ നിന്നും നേതാക്കളുടെ സമിതി കേന്ദ്ര നേതൃത്വത്തിന് ശുപാർശ ചെയ്യുന്നു. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ അടക്കമുള്ളവർ ചേർന്നാണ് അന്തിമ അംഗീകാരം നൽകേണ്ടത്.
കെ സുധാകരനും അടൂർ പ്രകാശും മത്സരിക്കുമെന്ന് കേരളത്തിലെ മാധ്യമങ്ങൾ വാർത്ത നൽകിയപ്പോൾ, അത്തരത്തിലൊരു തീരുമാനവും പാർട്ടി സ്വീകരിച്ചിരുന്നില്ല. മാധ്യമങ്ങൾ ഇങ്ങനെ വാർത്ത കൊടുക്കുന്നത് കോൺഗ്രസിൽ കുഴപ്പമുണ്ടെന്ന് വരുത്തിതീർക്കാനാണ്. എംപിമാർ മത്സരിക്കമോ വേണ്ടയോ എന്നതിൽ കേരളത്തിലെ നേതാക്കൾക്ക് ഒരു പങ്കുമില്ല, കേന്ദ്രനേതൃത്വമാണ് അതിൽ തീരുമാനമെടുക്കേണ്ടത്. ഇല്ലാത്ത വാർത്തകൾ നൽകി കോൺഗ്രസിനെയും യുഡിഎഫിനെയും അധിക്ഷേപിച്ച് തോൽപ്പിക്കാമെന്ന് ആരും കരുതേണ്ട.
അങ്ങനെ ആരെങ്കിലും കരുതുന്നുവെങ്കിൽ, ഈ വാർത്ത കൊണ്ടൊന്നും കോൺഗ്രസിനെ തോൽപ്പിക്കാനാകില്ല. നൂറിലധികം സീറ്റുമായി കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വരും. കേരളത്തിലെ മുഴുവൻ ജനങ്ങളുടേയും വികാരമാണത്. ഈ സർക്കാരിനെ താഴെയിറക്കണമെന്ന് ജനങ്ങളുടെ വികാരമാണ്, അഭിലാഷമാണ്. അതിനാൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വരിക തന്നെ ചെയ്യും. ഒരു നുണ ബോംബുകൾക്കും കേരളത്തിലെ കോൺഗ്രസിനെയും യുഡിഎഫിനെയും തകർക്കാനാവില്ലെന്നും വിഡി സതീശൻ പറഞ്ഞു.
പാർലമെന്റ് അംഗങ്ങൾ മത്സരിക്കണോ എന്നത് ദേശീയ നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്. സത്യത്തിൽ മാധ്യമങ്ങൾ കെ സുധാകരനെ അപമാനിക്കുകയായിരുന്നു. അദ്ദേഹം പാർട്ടിക്ക് എതിരായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?. പാർട്ടിയാണ് വലുത്, ഞാൻ എത്രയോ ചെറുതാണ് എന്നാണ് കെ സുധാകരൻ പറഞ്ഞത്. ആ പാവത്തിനെ മാധ്യമങ്ങൾ എന്തിനാണ് അധിക്ഷേപിച്ചത്. എത്ര മോശമായിട്ടാണ് അദ്ദേഹത്തോട് പെരുമാറിയത്. കെസി വേണുഗോപാലും വിഡി സതീശനും തമ്മിൽ കൊച്ചിയിലെ സീറ്റിനെപ്പറ്റി വഴക്കിട്ടുവെന്ന വാർത്ത കെ സി തന്നെയാണ് തന്നോടു പറഞ്ഞതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
