എൽഡിഎഫിന് ജനം വോട്ടു ചെയ്യില്ല; അമ്പലപ്പുഴയിൽ മത്സരിക്കുന്നത് ജനകീയ സ്വതന്ത്രനായി: ജി സുധാകരൻ



ആലപ്പുഴ: തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ജനം വോട്ടു ചെയ്യില്ലെന്ന് മുൻമന്ത്രി ജി സുധാകരൻ. അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി തനിക്ക് സ്വീകരണം നൽകിയിരുന്നു. അവർ പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും പ്രവർത്തകർക്കും അടക്കം ഇഷ്ടമുള്ളവർക്കെല്ലാം പിന്തുണയ്ക്കാം. ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിജെപി പിന്തുണ സംബന്ധിച്ച ചോദ്യത്തിന് അർത്ഥമില്ലെന്നും സുധാകരൻ പറഞ്ഞു.


പിണറായി വിജയന് മൂന്നാമൂഴം ലഭിക്കുന്നതിൽ സന്തോഷമുണ്ടോ എന്ന ചോദ്യത്തിനാണ് സന്തോഷമുണ്ടെന്ന് പറഞ്ഞത്. എന്നാൽ പൊളിറ്റിക്കൽ ക്രിമിനൽസെല്ലാം ഇപ്പോൾ രംഗത്തിറങ്ങി പാർട്ടിയുടെ പേരിൽ പ്രവർത്തിക്കുകയാണ്. അതുകൊണ്ട് ജനം വോട്ടു ചെയ്യില്ല. അതുകൊണ്ട് സർക്കാരിന് മൂന്നാമൂഴം ലഭിക്കില്ല. ഭരണത്തുടർച്ച ഉണ്ടാകാൻ പ്രയാസമാണ്. അക്കാര്യമാണ് താൻ പറഞ്ഞതെന്ന് ജി സുധാകരൻ വ്യക്തമാക്കി. ഇതിൽ തനിക്ക് ആശയക്കുഴപ്പമില്ല. നിലപാടും മാറ്റിയിട്ടില്ല. ജി സുധാകരൻ കൂട്ടിച്ചേർത്തു.


ഉപരിപ്ലവമായിട്ട് കാണുന്നവർക്കാണ് ആശയക്കുഴപ്പം തോന്നുന്നത്. തെരഞ്ഞെടുപ്പിൽ ചുമരെഴുത്ത് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ചുമരെഴുതിയാൽ താൻ ഉത്തരവാദിയല്ല. തെരഞ്ഞെടുപ്പ് കൺവെൻഷൻ താൻ നടത്തില്ല. മറ്റാരെങ്കിലും എനിക്കു വേണ്ടി കൺവെൻഷൻ നടത്തിയാൽ അതിൽ പങ്കെടുക്കും. എനിക്ക് വോട്ടു ചോദിച്ചുകൊണ്ട് കൺവെൻഷൻ നടത്തുമ്പോൾ അതിൽ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റ്?. താനായിട്ട് ഇലക്ഷൻ കമ്മിറ്റിയും ഉണ്ടാക്കില്ലെന്നും ജി സുധാകരൻ പറഞ്ഞു.


അമ്പലപ്പുഴയ്ക്ക് വെളിയിൽ ഒരിടത്തു പോലും പോയി പ്രസംഗിക്കേണ്ട എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ചേർത്തലയിൽ പോയി മന്ത്രി പി പ്രസാദിനെതിരെ പ്രസംഗിക്കും. അയാൾ എനിക്കെതിരെ അനാവശ്യമായ പ്രസ്താവന നടത്തി. പാർട്ടിയോടൊന്നും ചോദിക്കാതെ, പൊളിറ്റിക്കൽ ക്രിമിനൽസിനോട് ചോദിച്ചിട്ടാണ് പ്രസാദ് പ്രസ്താവന നടത്തിയത്. സിപിഐ പോലും തനിക്കെതിരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് പ്രസാദിനെ തോൽപ്പിക്കണമെന്ന് അവിടെ പോയി പ്രസംഗിക്കാൻ അവകാശമുണ്ടെന്നും ജി സുധാകരൻ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ പ്രസാദിന്റെ രാഷ്ട്രീയഭാവി തുലാസിലാണ്.


എംവി ഗോവിന്ദന്റെ ഭാര്യയ്ക്ക് സീറ്റ് നൽകിയ വിഷയം കണ്ണൂരിലേതാണ്. അതിൽ പ്രതികരിക്കാനില്ല. സിപിഎമ്മുകാർ തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്നാണ് പറയുന്നത്. ബാക്കി പാർലമെന്റിലും അസംബ്ലിയിലും പോകുന്നവരെല്ലാം കണ്ണടച്ച് വ്യാമോഹമില്ലാതെയാണ് പോകുന്നത്. അവർക്ക് യാതൊരു വ്യാമോഹവുമില്ല. അവർ ശ്വാസോച്ഛാസം പോലും വിടുന്നില്ല. നാണവും മാനവുമുണ്ടോ?. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാർലമെന്ററി തീസിസ് ഇവർ വായിച്ചിട്ടുണ്ടോ?. പാർട്ടി അയക്കുന്നത് അവിടെ പോയി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി വാദിക്കാനാണ്.


കൊള്ളാവുന്നവരെയാണ് പണ്ടുകാലത്ത് അയച്ചിരുന്നത്. ഇപ്പോൾ അയക്കുന്നത് ആരെയൊക്കെയാണെന്ന് നിങ്ങൾ നോക്കിയാൽ മനസ്സിലാകും. കഴിഞ്ഞ നിയമസഭയിൽ കേരളം അറിയപ്പെടുന്ന പ്രസംഗം നടത്തിയ ഒരാളുടെ പേരു പറയാൻ പറ്റുമോ?. ആലപ്പുഴയിൽ നിന്നും പോയിരുന്നല്ലോ എട്ടുപേർ. കേരളം ശ്രദ്ധിച്ച ഒരു പ്രസംഗം നടത്തിയ ഒരാളുടെ പേരു പറയാനാകില്ല. അവരെല്ലാം വീണ്ടും മത്സരിക്കുകയാണ്. അതൊന്നും പാർലമെന്ററി വ്യാമോഹമല്ലേ?. ആറാമത്തെ തവണ മത്സരിക്കുന്ന ആരിഫിനൊന്നും പാർലമെന്ററി വ്യാമോഹമില്ല. ഇപ്പോൾ ആലുവയിൽ പോയാണ് മത്സരിക്കുന്നതെന്നും ജി സുധാകരൻ പരിഹസിച്ചു.



നോമിനേഷൻ നൽകാൻ ആവശ്യത്തിന് സാവകാശം ലഭിച്ചിട്ടില്ല. മൂന്നു ദിവസം അവധിയായിപ്പോയി. ചെറിയ പെരുന്നാൾ ഒഴിച്ച് ബാക്കി ദിവസം നോമിനേഷൻ സ്വീകരിക്കാവുന്ന ദിവസമായി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിക്കണമായിരുന്നു. അതു നൽകിയിട്ടില്ല. ഇതിനെതിരെ ബിനോയ് വിശ്വം പരാതി നൽകിയിട്ടുണ്ട്. നോമിനേഷൻ കൊടുക്കാൻ മൂന്നു ദിവസം കൂടി നീട്ടി നൽകേണ്ടതായിരുന്നു. വോട്ടെടുപ്പ് തീയതി നീട്ടണമെന്ന് അഭിപ്രായം ഇല്ലെന്നും കെ സുധാകരൻ പറഞ്ഞു.

Previous Post Next Post