പ്രകോപനമില്ലാതെ ഇറാനെതിരെ ആക്രമണം; യുഎസും ഇസ്രയേലും രാജ്യാന്തര നിയമം ലംഘിച്ചെന്ന് ഫ്രാൻസ്.

ഇറാനെതിരായ സൈനിക നടപടിയില്‍ പ്രതികരിച്ച്‌ ഫ്രാൻസ്. പ്രകോപനമില്ലാതെയാണ് ഇറാനെതിരെ ആക്രമണം നടത്തിയത്. യുഎസും ഇസ്രയേലും രാജ്യാന്തര നിയമം ലംഘിച്ചു.
അന്താരാഷ്ട്രനിയമം മറികടന്നുള്ള സൈനിക നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. എന്നാല്‍ ഈ സാഹചര്യത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം ഇറാൻ വഹിക്കുന്നുമെന്നും മാക്രോണ്‍ പറഞ്ഞു. ചർച്ചകളിലുടെ പ്രശ്നപരിഹാരം കാണണം എന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും അഭിപ്രായപ്പെട്ടു.

അതേ സമയം അഞ്ചാം ദിവസവും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ്റെ വ്യോമാക്രമണം തുടരുകയാണ്. ഇറാൻ്റെ ഡ്രോണ്‍ ആക്രമണത്തില്‍ ദുബായിലെ യുഎസ് കോണ്‍സുലേറ്റില്‍ തീപിടുത്തം ഉണ്ടായി. അല്‍സീഫിലെ കോണ്‍സുലേറ്റിലാണ് തീപിടുത്തമുണ്ടായത്. ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ദുബായ് സിവില്‍ ഡിഫൻസ് വിഭാഗം ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
Previous Post Next Post