തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. കെ കെ ശൈലജ മട്ടന്നൂരിനു പകരം യുഡിഎഫ് സിറ്റിങ് സീറ്റായ പേരാവൂരിൽ മത്സരിക്കും. പ്രദേശിക തലത്തിൽ നിന്നും എതിർപ്പ് ഉയർന്നെങ്കിലും തളിപ്പറമ്പിൽ ജില്ലാ നേതൃത്വം മുന്നോട്ടു വെച്ച സ്ഥാനാർത്ഥിയെ മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയാണ് സ്ഥാനാർത്ഥി. എം വി ഗോവിന്ദൻ ഒഴിയുന്ന സീറ്റാണ് ഭാര്യയ്ക്ക് നൽകുന്നത്.
ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും, സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ശ്യാമള. ആന്തൂർ നഗരസഭ ചെയർപേഴ്‌സണുമായിരുന്നു. പേരാമ്പ്രയിൽ ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ വീണ്ടും മത്സരിക്കും. ഇടുക്കിയിലെ ഉടുമ്പൻചോലയിൽ എംഎം മണിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. ഉടുമ്പൻചോലയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ കെ ജയചന്ദ്രൻ മത്സരിക്കും.
സുരക്ഷിത മണ്ഡലമായ മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്ക് മാറ്റുന്നത് ശൈലജയെ ഒതുക്കാനാണെന്ന ആരോപണവുമുണ്ട്. എന്നാൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ ഏറ്റവും ശക്തയായ സ്ഥാനാർത്ഥി എന്ന നിലയിലാണ് ശൈലജയെ പരിഗണിച്ചതെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. തവനൂരിൽ കെ ടി ജലീൽ വീണ്ടും മത്സരിച്ചേക്കും. കഴിഞ്ഞ തവണ വിട്ടു നൽകിയ പേരാമ്പ്ര തിരിച്ചു വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം പരിഗണിക്കില്ല. നാളെ നടക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകുക.
