വിവാഹവാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച പരാതിയില്‍ ജിംനേഷ്യം പരിശീലകൻ പിടിയില്‍. ചേർപ്പ് സ്വദേശി അജ്മലിനെയാണ് (28) നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കുറുക്കഞ്ചേരിയിലെ സ്വകാര്യ ജിംനേഷ്യത്തില്‍ ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.
രണ്ട് യുവതികളാണ് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഒരേസമയം രണ്ട് യുവതികളുമായും സൗഹൃദം സ്ഥാപിച്ച അജ്മല്‍, വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതികള്‍ പരസ്പരം അറിയാതെയായിരുന്നു ഇയാളുടെ ഇടപെടലുകള്‍. എന്നാല്‍ അടുത്തിടെ അജ്മല്‍ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞ യുവതികള്‍ നെടുപുഴ പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതി നല്‍കിയ യുവതികളില്‍ ഒരാളെ മദ്യം നല്‍കി പീഡിപ്പിച്ചതായും മൊഴിയുണ്ട്. അജ്മലിനെതിരെ മുൻപും സമാനമായ പരാതികള്‍ ഉയർന്നിട്ടുണ്ട്. ചേർപ്പ് പോലീസ് സ്റ്റേഷനില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെയും കേസുണ്ട്. നെടുപുഴ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.