നോബിള്‍ മാത്യുവിനെ സസ്പെൻഡ് ചെയ്ത് ബിജെപി; നടപടി സ്ഥാനാര്‍ത്ഥി പട്ടികക്കെതിരായ വിമര്‍ശനത്തിന് പിന്നാലെ

സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ അഡ്വ. നോബിള്‍ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെൻഡ് ചെയ്തു.

സ്ഥാനാർഥി പട്ടികക്കെതിരായ പ്രതികരണങ്ങളില്‍ ആണ് നടപടി. ഇന്നലെ പട്ടിക വന്നതു മുതല്‍ നോബിള്‍ മാത്യു അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അവിടെയാണ് അപ്രതീക്ഷിതമായി ജോർജ് കുര്യനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ നോബിള്‍ മാത്യു വിമതനായി മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ബിജെപി നേതൃത്വം അതിവേഗം നടപടി എടുക്കുകയായിരുന്നു. ന്യൂനപക്ഷമോർച്ചയുടെ നേതാവ് കൂടിയാണ് നോബിള്‍ മാത്യു.

പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് നോബിള്‍ മാത്യു പ്രതികരിച്ചത്. സ്ഥാനാർഥി നിർണയത്തില്‍ ഗ്രൂപ്പ് പോരും വീതംവെപ്പുമാണ് നടന്നതെന്നും നോബിള്‍ മാത്യു ആരോപിച്ചു.
Previous Post Next Post