കൊച്ചി: അങ്കമാലി മോണിങ് സ്റ്റാർ കോളജ് വിദ്യാർഥിനി ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഡോ. സിറിയക് പി ജോർജിനെ പിടികൂടാൻ സഹായകമായത് ഹോംസ്‌റ്റേ ഉടമയുടെ ജാഗ്രത. വാഗമണ്ണിലെ കണ്ണംകുളം മാസ്‌കോ ഫാക്ടറിക്ക് സമീപത്തുള്ള ഹോംസ്‌റ്റേയിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാൾ. ബുധനാഴ്ച രാത്രി ഹോംസ്‌റ്റേയിൽ എത്തിയിട്ടും ഇയാൾ പുറത്തേയ്ക്ക് അധികം ഇറങ്ങിയില്ല. വന്നപ്പോൾ മുതൽ മാസ്‌ക് ധരിച്ചിരുന്നു. രാത്രിയിൽ മുറിയിൽ ലൈറ്റും ഇട്ടില്ല. ഇതോടെ ഇയാൾ എന്തെങ്കിലും കുറ്റം ചെയ്തിട്ട് വന്നതാകാമെന്ന ഹോംസ്‌റ്റേ ഉടമയുടെ ഭയമാണ് സിറിയക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
അതിനിടെ, സിറിയക്കിന്റെ ബന്ധുവിന് വാഗമണ്ണിൽ റിസോർട്ട് ഉണ്ടെന്ന് അറിഞ്ഞു. ഈ റിസോർട്ടിന്റെ പേര് സാമൂഹിക മാധ്യമങ്ങളിൽ തിരഞ്ഞപ്പോൾ സിറിയക്കിന്റെ ചിത്രം കണ്ടു. ആ ചിത്രത്തിന് ഹോംസ്‌റ്റേയിൽ താമസിക്കുന്ന വ്യക്തിയുടെ രൂപവുമായി സാമ്യം തോന്നിയതോടെ ഹോംസ്‌റ്റേ ഉടമ വാഗമൺ സിഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മഫ്തിയിൽ ഹോംസ്‌റ്റേയിൽ എത്തി. പൊലീസാണ് എത്തിയതെന്ന് മനസിലാക്കിയ പ്രതി ഇവരെ വെട്ടിച്ച് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
കേസിൽ ജാമ്യം കിട്ടുന്നതുവരെ ആരും കാണാതെയും പൊലീസിന് പിടികൊടുക്കാതെയും കഴിയാൻ ഒരിടം തേടിയാണ് സിറിയക് വാഗമണ്ണിൽ എത്തിയത്. വാഗമണ്ണിൽ റിസോർട്ടും ട്രാവൽ ഏജൻസിയുമുള്ള ഇയാളുടെ ബന്ധു മുഖാന്തരം ഇവിടെ തന്നെ കണ്ണംകുളം ഭാഗത്തുള്ള വിജനമായ സ്ഥലത്ത് സുരക്ഷിതമായ ഒളിത്താവളം ഒരുക്കുകയായിരുന്നു. എന്നാൽ വാഗമണ്ണിലേക്കുള്ള രാത്രിയാത്രയിൽ പൊലീസിന്റെ ഹൈവേ പട്രോളിങ്ങും പരിശോധനയും ശക്തമാണെന്ന് ഇവർക്കറിയാമായിരുന്നു. കൂടാതെ വാർത്ത സാമൂഹിക മാധ്യമങ്ങളിലടക്കം സിറിയക്കിന്റെ ചിത്രം സഹിതം പ്രചരിച്ചതോടെ രൂപമാറ്റം വരുത്താൻ തീരുമാനിക്കുകയായിരുന്നു. ഒറ്റനോട്ടത്തിൽ ആരും തിരിച്ചറിയാതിരിക്കാൻ താടിയും മീശയും വടിച്ചു. ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പമാണ് ഇയാൾ കാറിൽ ഹോംസ്‌റ്റേയിലെത്തിയത്. കാറിൽ നിന്ന് ഇറങ്ങിയപ്പോഴും കെയർടേക്കറോട് സംസാരിച്ചപ്പോഴും ഇയാൾ മാസ്‌ക് വച്ചിരുന്നു. ഇയാൾ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നെ ഫോണിൽ ബന്ധപ്പെട്ടാൽ മതിയെന്നും കെയർടേക്കറെ സുഹൃത്ത് അറിയിച്ചിരുന്നു. സിറിയക്കിന്റെ പെരുമാറ്റത്തിലെ ദുരൂഹതയാണ് കുരുക്കായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയക് ഓടിച്ചിരുന്ന കാർ ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ചത്. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കാർ ഓടിച്ചയാളെ പിടികൂടാത്തതിനാൽ പോലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാസ്ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്തു. എടവനക്കാട് കളത്തിപ്പറമ്പിൽ വീട്ടിൽ ജോൺസന്റെയും ലിമയുടെയും മകളാണ് ജാസ്ലിയ ജോൺസൺ. അങ്കമാലി മോർണിങ് സ്റ്റാർ കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായ ജാസ്ലിയ കോളജ് ഹോസ്റ്റലിൽ താമസിച്ച് പാർട്ട് ടൈമായി ജോലിയും നോക്കിയിരുന്നു. ജോലി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്ക് വരുമ്പോഴാണ് കാർ ഇടിച്ചുതെറിപ്പിച്ചത്.
