കാസർകോട്: ബൂത്ത് ലെവൽ ഓഫിസറായി ജോലി ചെയ്തിരുന്ന അധ്യാപകൻ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ സ്വദേശിയും ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. കടുത്ത ജോലി സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
മൊഗ്രാൽ പാലത്തിന് മുകളിൽ തന്റെ ബൈക്ക് നിർത്തിവച്ച ശേഷമാണ് സവാദ് പുഴയിലേക്ക് ചാടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ സവാദിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. കലക്ടർ സ്ഥലത്ത് എത്താതെ മൃതദേഹം ഏറ്റുവാങ്ങാനാവില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.
