ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് മുൻ നേതാവ് ഇർഷാദിനെതിരെ കേസെടുക്കാൻ നിർദേശം. ജില്ലാ കലക്ടറാണ് പൊലീസിന് നിർദേശം നൽകിയത്. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിരുന്നു.
സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അടിസ്ഥാന രഹിതമായ പ്രസ്താവന നടത്തൽ, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിൽ തെറ്റായ പ്രസ്താവന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. അധിക്ഷേപ പരാമർശത്തിനെതിരെ യു പ്രതിഭ പൊലീസിന് പരാതി നൽകിയിരുന്നു. കൂടാതെ മഹിളാ അസോസിയേഷനും കായംകുളം പൊലീസിന് പരാതി നൽകിയിരുന്നു.
കായംകുളത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചാണ് യുഡിഎഫ് കൺവീനറും മുസ്ലിംലീഗ് നേതാവുമായ ഇർഷാദ് ഇടതു സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. വാക് ചാതുരിയും ശരീരത്തിൻറെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമർശമാണ് ഇർഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്. വിവാദ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിട്ടുള്ളത്.
പ്രസ്താവന വിവാദമായതിനു പിന്നാലെ ഇർഷാദ് ഖേദം പ്രകടിപ്പിച്ചെങ്കിലും അംഗീകരിക്കാൻ എൽഡിഎഫ് തയ്യാറായിട്ടില്ല. ഒരു കുറ്റകൃത്യം ചെയ്ത ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് അത് ഇല്ലാതാകില്ലെന്ന് ഇടതു നേതാക്കൾ പറഞ്ഞു. വികസനവും രാഷ്ട്രീയവും പറയുന്നതിന് പകരം വ്യക്തിയുടെ ശരീരഘടനയെയും മറ്റും അധിക്ഷേപിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. വിവാദപ്രസ്താവനയ്ക്ക് പിന്നാലെ ഇർഷാദിനെ യുഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കി. മുസ്ലിം ലീഗ് പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
