കോട്ടയം: കൈവശം 84 രൂപ, സ്വന്തമായി ഭൂമിയില്ല, തൊഴിലില്ല. ഏറ്റുമാനൂരിലെ എസ്‌യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയായ ആഷ്‌ന തമ്പി പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പ് ഗോദയിൽ വ്യത്യസ്തയാണ്. 26 വയസുകാരിയായ ആഷ്‌ന സംസ്ഥാനത്ത് മത്സരിക്കുന്ന ആസ്തി കുറഞ്ഞ സ്ഥാനാർഥിയാണ്.
സമര മുഖങ്ങളിൽ സജീവമായിട്ടുള്ള മനുഷ്യരോട് അടുത്തു നിന്നിട്ടുള്ള പൊതു പ്രവർത്തക എന്ന നിലയിൽ മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് പൊതു പ്രവർത്തിനത്തിന് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് ആഷ്‌ന തമ്പിയുടെ തെരഞ്ഞെടുപ്പ് പോരാട്ടം. വെറും 40 രൂപ ആയിരുന്നു പത്രിക നൽകിയ ദിവസം കൈയിൽ ഉണ്ടായിരുന്നത്. അക്കൗണ്ടിൽ 44 രൂപയും. ഇതാണ് പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച ആസ്തി വിവരത്തിന്റെ വിശദാംശങ്ങൾ.
ആശവർക്കർമാർ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് ഐക്യദാർഢ്യവുമായി ആഷ്ന മുടിമുറിച്ച് പ്രതിഷേധിച്ചിരുന്നു. മഹാരാജാസ് കോളജിൽ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് മത്സരിച്ചതാണ് നേരത്തെയുള്ള തെരഞ്ഞെടുപ്പ് അനുഭവം. ജേണലിസം പി.ജി. ഡിപ്ലോമയുള്ള ആഷ്‌ന പാർട്ടിയുടെ മീഡിയ കോഓർഡിനേറ്റർ , പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തിരുവാർപ്പ് ലോക്കൽ കമ്മിറ്റി അംഗം, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു. മുഴുവൻസമയ പാർട്ടി പ്രവർത്തകരാണ് എറണാകുളം അരയൻകാവ് സ്വദേശികളായ ആഷ്‌നയുടെ മാതാപിതാക്കളും.
സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലം കൂടിയാണ് ഇത്തവണ ഏറ്റുമാനൂർ. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ആതിര ഡി നായർ ആണ് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. 25 വയസാണ് ആതിരയുടെ പ്രായം. ട്വന്റ് 20 പ്രതിനിധിയായാണ് ആതിര ഡി നായർ മണ്ഡലത്തിൽ വോട്ട് തേടുന്നത്. സൈബർ ഫോറൻസിക്കിൽ ഡിഗ്രിയും കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദവും സ്വന്തമായുള്ള ആതിര നിലവിൽ ഓൺലൈൻ സംരംഭക കൂടിയാണ് . പ്രായമല്ല, പ്രവർത്തനത്തിലാണ് മികവെന്നും, മണ്ഡലത്തിനായി പദ്ധതികൾ മനസിലുണ്ടെന്നുമാണ് ആതിര പറയുന്നത്.
