കൊല്ലം: പത്തനാപുരത്ത് വനത്തിൽ കാട്ടാന ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികൾ. വന വിഭവശേഖരത്തിന് കാട്ടിൽ പോയ ദമ്പതികൾ കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ മരമുകളിൽ അഭയം തേടിയ ദമ്പതികളെ മണിക്കൂറുകൾക്ക് ശേഷം വനപാലക സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്.
മുള്ളുമല വാവരുപന ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. പിറവന്തൂർ മുള്ളുമല ഉന്നതിയിലെ ദമ്പതികളായ കരുണാകരൻ, റംസ എന്നിവരാണ് കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. വിറക് ശേഖരണത്തിന് പോകും വഴി കാട്ടാനക്കൂട്ടത്തിനു മുന്നിലാണ് ഇവർ അകപ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന ദമ്പതികൾ വനത്തിനുള്ളിലെ തേക്ക് മരത്തിൽ കയറി മണിക്കൂറുകളോളം ഇരുന്നു. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് കരുണാകരൻ മണ്ണാറപ്പാറ റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഈ സമയമെല്ലാം കാട്ടാനക്കൂട്ടം ഇവർ കയറിയ മരചുവട്ടിൽ നിലയുറപ്പിച്ചു. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയെങ്കിലും കാട്ടാനകൾ പിന്മാറിയില്ല. മണിക്കൂറുകൾക്ക് ശേഷം സ്ഥലത്തെത്തിയ വനപാലക സംഘം കാട്ടാനകളെ വിരട്ടിയോടിച്ച ശേഷം ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു.
