വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി, ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല


 

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഉത്തരവ് തുടരും. വിധി സ്‌റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് വെള്ളാപ്പള്ളി ഡിവിഷൻ ബെഞ്ചിൽ അപ്പീല് നൽകിയത്. സിംഗിൾ ബെഞ്ച് വിധി അനുസരിച്ചുള്ള സ്ഥിതി തുടരാനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്.


വെള്ളാപ്പള്ളി നടേശനും മകനും വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയും അടക്കമുള്ള ഡയറക്ടർബോർഡ് അംഗങ്ങളെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്. ഇതിനെതിരെയാണ് വെള്ളാപ്പള്ളി അടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. അടിയന്തരമായി അപ്പീൽ പരിഗണിക്കണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം തള്ളിയിരുന്നു. അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.


തുടർന്ന് ഇന്ന് വീണ്ടും ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിച്ചപ്പോൾ, സിംഗിൾ ബെഞ്ച് വിധി സ്‌റ്റേ ചെയ്യണമെന്ന് വെള്ളാപ്പള്ളിയുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി നിരാകരിച്ചു. വെള്ളാപ്പള്ളി നടേശനെയും കൂട്ടരെയും നീക്കിക്കൊണ്ടുള്ള വിധി എന്താണോ ആ സ്ഥിതി തുടരാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വെള്ളാപ്പള്ളി അടക്കമുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളെ പുറത്താക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച്, എസ്എൻഡിപിയുടെ താൽക്കാലിക ഭരണത്തിനായി ഡയറക്ടർ ബോർഡ് രൂപീകരിക്കാൻ സർക്കാരിന് നിർദേശം നൽകുകയും ചെയ്തിരുന്നു.

താൽക്കാലിക ഡയറക്ടർബോർഡിലേക്ക് സർക്കാർ നോമിനികൾ ആയിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ഡയറക്ടർ ബോർഡിലേക്കുള്ള സർക്കാർ നോമിനികളുടെ പട്ടിക തിങ്കളാഴ്ച സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. തിങ്കളാഴ്ച കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. വെള്ളാപ്പള്ളി നടേശന് ജനറൽ സെക്രട്ടറിയായി തുടരാൻ അർഹതയില്ലെന്നാണ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് വിധിച്ചത്.


അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവർക്കും സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Previous Post Next Post