കൊല്ലം: കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി പിണറായി വിജയൻ, മാധ്യമപ്രവർത്തകർ എതിർപ്പ് അറിയിച്ചതിന് പിന്നാലെ തിരികെ എത്തി മറുപടി നൽകി. കൈരളിയുടെ രണ്ട് ചോദ്യങ്ങൾക്കും ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും മറുപടി നൽകിയശേഷമാണ് വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങാനൊരുങ്ങിയത്. ഇനിയും ചോദ്യങ്ങളുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവർത്തകർ പറയുമ്പോഴും ഇനി നാളെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഇതിനെ മാധ്യമപ്രവർത്തകർ ഒന്നടങ്കം ചോദ്യം ചെയ്തു. ഇങ്ങനെയാണെങ്കിൽ ഞങ്ങളെ വാർത്താസമ്മേളനത്തിലേക്ക് ക്ഷണിക്കണോയെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു.
ഇതോടെ തിരികെ പോയ മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി കസേരിയിലിരുന്നശേഷം മറുപടി നൽകുകയായിരുന്നു. ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരെന്നും ചോദിക്കണമെന്നും മറുപടി നൽകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യങ്ങൾക്ക് താൻ ഉത്തരം നൽകിയെന്നും ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർ ഏതു സ്ഥാപനത്തിലേതാണെന്നോ ആരാണെന്നോ താൻ ചോദിച്ചിട്ടില്ലെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും പറഞ്ഞശേഷം മുഖ്യമന്ത്രി തിരികെ പോവുകയായിരുന്നു. എസ്‍ഡിപിഐ-സിപിഐ ഡീൽ ആരോപണമടക്കമുള്ള ചോദ്യങ്ങളാണ് മാധ്യമപ്രവർത്തകർ ചോദിക്കാൻ ശ്രമിച്ചത്.
