'പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തിൽ എൽഡിഎഫ് ഭരണം ബിജെപി ആഗ്രഹിക്കുന്നു'

 


പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിൽ ബിജെപി ചെയ്യുന്നതാണ് കേരളത്തിൽ എൽഡിഎഫ് ചെയ്യുന്നതെന്നും കേരളത്തിൽ എൽഡിഎഫ് ഭരണം വരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പത്തനംതിട്ടയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിരന്തരം ക്ഷേത്രങ്ങളെപറ്റി സംസാരിക്കുന്ന പ്രധാനമന്ത്രി ശബരിമലയെ കുറിച്ച് സംസാരിക്കുന്നില്ല. കേരള മുഖ്യമന്ത്രിക്ക് എതിരെ കേന്ദ്രം ഒരു നീക്കവും നടത്തുന്നില്ല. സിപിഎം നേതാക്കൾ സ്വർണം കവർന്ന കാര്യം പ്രധാന മന്ത്രി മിണ്ടുന്നില്ല. സ്വർണക്കൊള്ള പ്രധാനമന്ത്രി മറക്കുന്നു. അത് സിപിഎമ്മിനെ രക്ഷിക്കാനുള്ള നീക്കമാണ്. അന്വേഷണം നടക്കുന്നുണ്ടങ്കിലും ഒരു ഭീഷണിയുമില്ലന്ന് സിപിഎമ്മിന് അറിയാം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം അദാനിക്ക് കീഴടങ്ങുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


കേരളത്തിൽ ഇടത് മുന്നണിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് പ്രധാന മന്ത്രിയുടെ നിശബ്ദത. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല സ്വർണക്കൊള്ള അന്വേഷിക്കും. കേരളത്തിലെ എൽഡിഎഫ് ഇടത് സ്വഭാവം അല്ല സ്വീകരിക്കുന്നത്. ബിജെപിയെ പോലെ കുത്തകകളെ സഹായിക്കുകയാണ്. ഈ സർക്കാരിന് ഇടത് നയം ഉണ്ടായിരുന്നോ എന്ന് ഇടത് പ്രവർത്തകർക്ക് പോലും സംശയം. റബർ കർഷകരുടെ നഷ്ടം പരിഹരിക്കാൻ എൽഡിഎഫ് ഒന്നും ചെയ്തില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ റബ്ബർ കർഷകരെ സംരക്ഷിക്കും. യുഡിഎഫ് മുന്നോട്ട് വച്ച ആരോഗ്യ ഇൻസുറൻസ് പദ്ധതി കേരളത്തെ ആരോഗ്യരംഗത്തെ പരിവർത്തനം ചെയ്യും. യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പ നൽകും. പ്രായമായവർക്കുവേണ്ടി പുതിയ വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post